വാഹനപകടത്തെ തുടർന്ന് ചികിൽസയിൽ കഴിയുന്ന തൃശൂർ സ്വദേശി രാജേഷിന് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങി
സാമൂഹ്യ പ്രവർത്തകരുടെ അഭ്യർഥനയെ തുടർന്ന് പ്രവിശ്യ ലേബർ ഓഫീസ് ഡയറക്ടർ നേരിട്ട് ഇടപെട്ടാണ് രാജേഷിനുള്ള ഫൈനൽ എക്സിറ്റിന് വഴിയൊരുക്കിയത്. അൽഖോബാർ ലേബർ ഓഫീസ് ഡയറക്ടർ മൻസൂർ അലി അൽ ബിനാലിയുടെ നിർദേശത്തെ തുടർന്ന് അബ്ദുറഹ്‌മാൻ ഫഹദ് അൽമുഖ്ബിൽ ആശുപത്രിയിലെത്തി രാജേഷിനെ സന്ദർശിച്ചു.

റിയാദ്: വാഹനപകടത്തിൽ ഗുരുതരമായ പരിക്കുകളോടെ ഒരു വർഷത്തിലധികമായി സൗദിയിലെ ദമ്മാമിൽ ചികിൽസയിൽ കഴിയുന്ന മലയാളി യുവാവിനെ നാട്ടിലെത്തിക്കുന്നതിന് വഴിയൊരുങ്ങി. പ്രവിശ്യ ലേബർ ഓഫീസ് ഡയറക്ടറുടെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് തൃശൂർ പേരെപ്പാടം സ്വദേശി രാജേഷിന് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങിയത്. സാമൂഹ്യ സന്നദ്ധ പ്രവർത്തകരുടെയും സംഘടനകളുടെയും ഒപ്പം ഇന്ത്യൻ എംബസിയുടെയും സഹായവും രാജേഷിന്റെ മടക്കയാത്രക്ക് കൈത്താങ്ങാകും.
ഒരു വർഷം മുമ്പ് ദമ്മാം അൽഹസ്സക്കടുത്തുവെച്ചുണ്ടായ വാഹനപകടത്തിൽ അതീവ ഗുരുതരവസ്ഥയിൽ നിന്നും ഏറെ ഭേദപ്പെട്ട രാജേഷിനെ തുടർ ചികിൽസക്കായി നാട്ടിലെത്തിക്കാൻ ബന്ധുക്കളും നാട്ടുകാരും ഏറെ കാലമായി ശ്രമിച്ചു വരികയായിരുന്നു. ഒടുവിൽ സാമൂഹ്യ പ്രവർത്തകരുടെ അഭ്യർഥനയെ തുടർന്ന് പ്രവിശ്യ ലേബർ ഓഫീസ് ഡയറക്ടർ നേരിട്ട് ഇടപെട്ടാണ് രാജേഷിനുള്ള ഫൈനൽ എക്സിറ്റിന് വഴിയൊരുക്കിയത്. അൽഖോബാർ ലേബർ ഓഫീസ് ഡയറക്ടർ മൻസൂർ അലി അൽ ബിനാലിയുടെ നിർദേശത്തെ തുടർന്ന് അബ്ദുറഹ്‌മാൻ ഫഹദ് അൽമുഖ്ബിൽ ആശുപത്രിയിലെത്തി രാജേഷിനെ സന്ദർശിച്ചു. തുടർന്ന് സ്പോൺസറെ ബന്ധപ്പെട്ട് എക്സിറ്റ് ലഭ്യമാക്കുകയും ചെയ്തു.
വെന്റിലേറ്റർ സൗകര്യമൊരുക്കിയാൽ മാത്രമേ രാജേഷിന് യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. ഇതിനായുള്ള പരിശ്രമത്തിലാണ് സാമൂഹ്യ പ്രവർത്തകരും സന്നദ്ധ സംഘടനകളും. ഇന്ത്യൻ എംബസി രാജേഷിനുള്ള വിമാനടിക്കറ്റ് എടുത്തു നൽകാമെന്നേറ്റതായും ഇവർ പറയുന്നു. ഡ്രൈവറായി ജോലി ചെയ്തു വരുന്നതിനിടെ ഒരു വർഷം മുമ്പാണ് രാജേഷിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. ഇദ്ദേഹം ഓടിച്ചിരുന്ന പിക്കപ്പ് വാന് ഒട്ടകത്തെ ഇടിച്ചാണ് അപകടമുണ്ടായത്.
Adjust Story Font
16

