സൗദിയിൽ ബഹുരാഷ്ട്ര കമ്പനികൾക്ക് അധിക നികുതി
2027 ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ

ദമ്മാം: സൗദിയിൽ ബഹുരാഷ്ട്ര കമ്പനികൾക്ക് 2027 ജനുവരി ഒന്ന് മുതൽ അധിക നികുതി. 750 ദശലക്ഷം യൂറോയിൽ കൂടുതൽ വാർഷിക വരുമാനമുള്ള ബഹുരാഷ്ട്ര ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട വാണിജ്യ സ്ഥാപനങ്ങൾക്കാണ് അധിക നികുതി ബാധകമാകുക. ആഗോളതലത്തിൽ കുറഞ്ഞ നികുതി നിരക്ക് ഏർപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര നീക്കങ്ങളുടെ ഭാഗമായാണ് തീരുമാനം.
'സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി' യുടേതാണ് തീരുമാനം. 2027 ജനുവരി ഒന്ന് മുതൽ, ബഹുരാഷ്ട്ര ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട വാണിജ്യ സ്ഥാപനങ്ങൾക്ക് അധിക നികുതി ബാധകമാകുമെന്ന് അതോറിറ്റി അറിയിച്ചു.
വാർഷിക വരുമാനം 750 ദശലക്ഷം യൂറോയോ അതിന് തതുല്യമായ സൗദി റിയാലോ വരുമാനമുള്ള കമ്പനികൾക്കും ഗ്രൂപ്പുകൾക്കുമാണ് നിയമം ബാധകമാകുക. 'ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ്' G20 എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന 'സെക്കൻഡ് പില്ലർ' പദ്ധതിയുടെ ഭാഗമാണ് പുതിയ നികുതി.
സൗദി അറേബ്യയിൽ ലാഭം നേടുന്ന ബഹുരാഷ്ട്ര ഗ്രൂപ്പുകളിൽ നിന്ന് രാജ്യത്തിന് ലഭിക്കേണ്ട നികുതി അവകാശങ്ങൾ സംരക്ഷിക്കാൻ തീരുമാനം സഹായിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. ബഹുരാഷ്ട്ര ഗ്രൂപ്പുകളുമായി ബന്ധമില്ലാത്ത പ്രാദേശിക കമ്പനികൾക്ക് അധിക നികുതി ബാധകമായിരിക്കില്ല.
Adjust Story Font
16

