വ്യാജ കാലാവസ്ഥ മുന്നറിയിപ്പ് നൽകിയ ആൾക്കെതിരെ നടപടിക്കൊരുങ്ങി സൗദി കാലവസ്ഥ കേന്ദ്രം
സമൂഹ മാധ്യമങ്ങൾ വഴിയാണ് വ്യാജ അറിയിപ്പ് നൽകിയത്

ദമ്മാം: വ്യാജ കാലാവസ്ഥ മുന്നറിയിപ്പ് നൽകിയ ആൾക്കെതിരെ നടപടിക്കൊരുങ്ങി സൗദി കാലവസ്ഥ കേന്ദ്രം. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ അതിശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇദ്ദേഹം സമൂഹ മാധ്യമങ്ങൾ വഴി പങ്ക് വെച്ചത്. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വ്യാജ അറിയിപ്പുകൾ പ്രചരിപ്പിക്കരുതെന്നും കാലാവസ്ഥ കേന്ദ്രം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
രാജ്യത്ത് ഗുരുതരമായ കാലാവസ്ഥ മാറ്റത്തിന് സാധ്യതയുള്ളതായി പ്രവചനം നടത്തുകയും അത് സമൂഹമാധ്യമങ്ങൾ വഴി പങ്ക് വെക്കുകയും ചെയ്ത ആൾക്കെതിരെയാണ് നടപടി. വിവരങ്ങൾ നൽകിയ വ്യക്തിയുടെ യോഗ്യതയും വ്യക്തിത്വവും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദ്ദേശം നൽകിയതായി സൗദി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അടുത്ത തിങ്കളാഴ്ച മുതൽ മദീന മേഖലയിൽ കടുത്ത ഇടിമിന്നലോട് കൂടിയ അതി തീവ്ര മഴക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതായാണ് വ്യക്തി തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ മുന്നറിയിപ്പ് നൽകിയത്. പൊതു സമൂഹത്തെ പരിഭ്രാന്തരാക്കുന്ന ഇത്തരം വ്യാജ അറിയിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെക്കുന്നത് ഗുരുതരമായ കുറ്റമായി പരിഗണിക്കും. കാലാവസ്ഥ അറിയിപ്പുകൾ യഥാർഥ ഉറവിടങ്ങളിൽ നിന്നുള്ളത് മാത്രം സ്വീകരിക്കാൻ ദേശീയ കാലാവസ്ഥ കേന്ദ്രം പൊതുജനത്തോട് ആവശ്യപ്പെട്ടു.
Adjust Story Font
16

