യാത്ര എളുപ്പമാകും; പുതിയ പത്ത് ട്രെയിനുകൾക്ക് ഓർഡർ നൽകുമെന്ന് സൗദി ഗതാഗത മന്ത്രി
2026 ബജറ്റ് ഫോറത്തിലെ ചർച്ചാസെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

റിയാദ്: ഈ വർഷം പുതിയ പത്ത് യാത്രാട്രെയിനുകൾക്ക് ഓർഡർ നൽകുമെന്ന് സൗദി ഗതാഗത- ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അൽ ജാസർ. 2026 ബജറ്റ് ഫോറത്തിലെ ചർച്ചാസെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം തന്നെ ഓർഡർ നൽകുമെന്നും അൽ ജാസർ വ്യക്തമാക്കി. യാത്രക്കാർ റെയിൽവേ ഉപയോഗിക്കുന്ന എണ്ണം വർഷത്തിൽ 10 ദശലക്ഷത്തിലധികമായിട്ടുണ്ട്.
ബജറ്റിൽ ഗതാഗത മേഖലയുടെ വളർച്ചക്ക് സഹായകമാകുന്ന നിരവധി പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പൗരന്മാർക്ക് ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ രാജ്യത്ത് ഏകദേശം 6,000 കിലോമീറ്റർ ആധുനിക റെയിൽവേ ശൃംഖലയാണുള്ളത്. ഇത് ഇരട്ടിയാക്കാനും സേവനനിലവാരം ഉയർത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വെളിപ്പെടുത്തി.
ഈ വർഷം റെയിൽവേ വഴി 30 ദശലക്ഷം ടൺ ചരക്ക് കൊണ്ടുപോയി റെക്കോർഡ് രേഖപ്പെടുത്തിയിരുന്നു. ഇത് റോഡുകളിൽ നിന്ന് 15 ലക്ഷം മുതൽ 20 ലക്ഷം വരെ ട്രക്കുകളെ നീക്കം ചെയ്യുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹറമൈൻ ഹൈസ്പീഡ് ട്രെയിനിലെ യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് ഹൈസ്പീഡ് ട്രെയിനുകൾക്കുള്ള ആവശ്യത്തെക്കുറിച്ച് ചർച്ചകൾ നടന്നുവരികയാണ്. സൗദി റെയിൽവേ കമ്പനിയും (SAR) വിദേശ കമ്പനിയും ചേർന്നുള്ള പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയായ “ഡ്രീം ട്രെയിൻ” ഉടൻ തന്നെ പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി.
Adjust Story Font
16

