സൗദിയിൽ നാളെ പുതിയ അധ്യയന വർഷത്തിന് തുടക്കം; 60 ലക്ഷത്തിലേറെ വിദ്യാർഥികൾ സ്‌കൂളുകളിലേക്ക്
- ഇന്ത്യൻ സ്‌കൂളുകളും നാളെ തുറക്കും

റിയാദ്: വേനലവധിക്ക് ശേഷം സൗദി അറേബ്യയിലെ സ്‌കൂളുകൾക്ക് നാളെ പുതിയ അധ്യയന വർഷം ആരംഭിക്കും. രാജ്യത്തുടനീളം 60 ലക്ഷത്തിലേറെ വിദ്യാർഥികൾ നാളെ സ്‌കൂളുകളിലേക്ക് തിരികെ എത്തും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറിയിപ്പ് അനുസരിച്ച്, മക്ക, മദീന, ജിദ്ദ, ത്വാഇഫ് എന്നിവിടങ്ങളിൽ ഈ മാസം 31 മുതലായിരിക്കും അധ്യയനം ആരംഭിക്കുക. ഹജ്ജ്, ഉംറ സീസണുകൾ കണക്കിലെടുത്താണ് ഈ തീരുമാനം.
വിവിധ പ്രവിശ്യകളിൽ പുതിയ അധ്യയന വർഷത്തിന് വേണ്ട എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിട്ടുണ്ട്. കിഴക്കൻ പ്രവിശ്യയിൽ നാളെ സ്‌കൂളുകൾ തുറക്കുമെങ്കിലും ക്ലാസ്സുകൾ മറ്റന്നാൾ മുതലായിരിക്കും ആരംഭിക്കുക. സൗദിയിലെ സ്‌കൂളുകൾക്കൊപ്പം ഇന്ത്യൻ സ്‌കൂളുകളും നാളെ മുതൽ തുറക്കും.
പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി 92 കോടി റിയാലിന്റെ പദ്ധതികൾ പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അധ്യയന വർഷത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി സൂപ്പർവൈസർമാർ, ഓഫീസ് ജീവനക്കാർ, അധ്യാപകർ എന്നിവർ നേരത്തെ തന്നെ സ്‌കൂളുകളിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നു.
Adjust Story Font
16

