ഷബീർ അലി അദനി ഇനി റിയാദ് ഐസിഎഫിൻ്റെ തണലിൽ
കർണാടകയിൽ വെച്ച് നടന്ന എസ്എസ്എഫ് നാഷണൽ സാഹിത്യോത്സവിൽ പങ്കെടുത്ത് ഹംദ് ഉറുദു മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ പ്രതിഭയാണ് ഷബീർ അലി

റിയാദ്: റിയാദ് ഐസിഎഫ് ഒരു കുടുംബത്തിന് കൂടി തണലാവുന്നു. ജന്മനാ കാഴ്ചപരിമിതിയുള്ള ഷബീർ അലി അദനിയാണ് വെള്ളിയാഴ്‌ച റിയാദ് ഐസിഎഫിൻ്റെ ദാറുൽ ഖൈറിൻ്റെ തണലിലേക്ക് താമസം മാറുന്നത്. ഷബീർ അലി അദനിക്ക് വേണ്ടി വളാഞ്ചേരി പോത്തന്നൂർ പള്ളിപ്പടിയിൽ നിർമിച്ച വീടിൻ്റെ ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി നിർവഹിക്കും.
കാഴ്‌ചപരിമിതിയുള്ള ഷബീർ അലി അദനി കഠിനപ്രയത്നത്തിലൂടെ ഉന്നതിയിലെത്തിയ വ്യക്തിയാണ്. മലപ്പുറം മഅ്ദിൻ അക്കാദമിയിൽ നിന്ന് ചെറുപ്രായത്തിലേ വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കിയ അദനി ഷാർജയിൽ വെച്ച് നടന്ന അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിച്ച് ആറാംസ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കർണാടകയിൽ വെച്ച് നടന്ന എസ്എസ്എഫ് നാഷണൽ സാഹിത്യോത്സവിൽ പങ്കെടുത്ത് ഹംദ് ഉറുദു മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ പ്രതിഭയാണ് ഷബീർ അലി.
സ്വന്തം ഇച്ഛാശക്തിയും കഠിനാധ്വാനവും കൊണ്ട് മാതൃകാപരമായ മുന്നേറ്റം നടത്തിയ ഷബീർ അലി അദനിക്ക് വീടൊരുക്കാനായതിൽ ചാരിതാർഥ്യമുണ്ടെന്ന് റിയാദ് ഐസിഎഫ് പ്രസ്താവിച്ചു. ഈ സംരംഭത്തിൽ ഐസിഎഫിനെ സഹായിച്ച മുഴുവൻ സുമനസുകൾക്കും ഐസിഎഫിന്റെ കടപ്പാടുകൾ അറിയിക്കുന്നതായി ഐസിഎഫ് റീജിയൺ ജനറൽ ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം, പ്രസിഡൻ്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ, ഫിനാൻസ് സെക്രട്ടറി മജീദ് താനാളൂർ, സോഷ്യൽ സർവീസ് ഡെപ്യൂട്ടി പ്രസിഡൻ്റ് ബഷീർ മിസ്ബാഹി, ക്ഷേമകാര്യ സെക്രട്ടറി റസാഖ് വയൽക്കര എന്നിവർ അറിയിച്ചു.
Adjust Story Font
16

