വെടിവെപ്പ്; സൗദിയിലെ ഹുഫൂഫില്‍ ഒരാള്‍ കൊല്ലപ്പെട്ടു
സുരക്ഷാ വിഭാഗം പ്രതിയെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു
ദമ്മാം: കിഴക്കന്‍ സൗദി നഗരമായ ഹുഫൂഫിലെ ഹുസൈനിയ്യയില്‍ യുവാവ് നടത്തിയ വെടിവെപ്പില്‍ സൗദി പൗരന്‍ കൊല്ലപ്പെട്ടു. അല്‍ഹസ ഗവര്‍ണറേറ്റിന് കീഴിലാണ് സംഭവം. യുവാവ് മയക്കുമരുന്നിന് അടിമയും നിരവധി കേസിലെ പ്രതിയുമാണ്. വീട്ടില്‍ കയറി സൗദി പൗരനെ കുത്തി പ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തൊട്ടടുത്ത് നടക്കുന്ന കുടുംബ സംഗമത്തിലേക്ക് എത്തുകയായിരുന്നു. തോക്കുമായെത്തിയ പ്രതി പരിപാടിയില്‍ പങ്കെടുത്ത് കൊണ്ടിരുന്ന ഒരാള്‍ക്കെതിരെ തുരുതുരാ വെടിവെക്കുകയായിരുന്നു. വെടിയേറ്റയാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ചയാള്‍ അല്‍ഖത്താന്‍ കുടുംബത്തില്‍ പെട്ടയാളാണ്. വിവരമറിഞ്ഞ് കുതിച്ചെത്തിയ സുരക്ഷാ വിഭാഗം പ്രതിയെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ ഒരു പ്രവാസിക്കും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ഏത് രാജ്യകാരനാണെന്ന് സുരക്ഷ വിഭാഗം വെളിപ്പെടുത്തിയിട്ടില്ല. മുന്‍ വൈരാഗ്യമാണ് പ്രതിയെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും സുരക്ഷാ വിഭാഗം വ്യക്തമാക്കി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Adjust Story Font
16

