പ്രതിദിനം 300 പുതിയ സംരംഭകർ; സൗദി ബിസിനസ് ലോകം കീഴടക്കി പെൺകരുത്ത്
വെറും 87,000 വനിതാ സംരംഭകർ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഈ അവിശ്വസനീയമായ വളർച്ച

റിയാദ്: സൗദിയിലെ വാണിജ്യ-നിക്ഷേപ മേഖലകളിൽ വനിതകളുടെ പങ്കാളിത്തത്തിൽ അഭൂതപൂർവമായ വർധനവ്. രാജ്യത്തെ വനിതാ സംരംഭകരുടെ എണ്ണം ഏഴര ലക്ഷത്തിലേക്ക് എത്തിയതായി വാണിജ്യ നിക്ഷേപ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. എട്ട് വർഷം മുൻപ് വെറും 87,000 വനിതാ സംരംഭകർ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഈ അവിശ്വസനീയമായ വളർച്ച. കഴിഞ്ഞ വർഷം അവസാന പാദത്തിൽ മാത്രം വനിതാ സംരംഭകരുടെ എണ്ണം 7,29,000 കടന്നു. പ്രതിദിനം ശരാശരി മുന്നൂറോളം വനിതകളാണ് രാജ്യത്ത് പുതുതായി നിക്ഷേപ ലൈസൻസുകൾ സ്വന്തമാക്കി സ്വന്തം സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നത്. തൊഴിൽ വിപണിയിലെ സമഗ്രമായ മാറ്റങ്ങളും സ്ത്രീശാക്തീകരണത്തിന് നൽകുന്ന മുൻഗണനയുമാണ് ഈ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയത്.
സൗദി സർക്കാർ ഏജൻസികൾ നടപ്പിലാക്കിയ സാമ്പത്തിക സഹായങ്ങൾ, ബിസിനസ് പരിശീലനങ്ങൾ, വേഗത്തിലുള്ള ലൈസൻസിങ് നടപടികൾ എന്നിവ ഉൾപ്പെടുന്ന പിന്തുണയാണ് ഈ വലിയ മുന്നേറ്റത്തിന് കരുത്തായത്. നിർമ്മാണ മേഖല, റീട്ടെയിൽ മേഖല തുടങ്ങിയ രംഗങ്ങളിലാണ് വനിതകളുടെ മേൽനോട്ടത്തിലുള്ള സംരംഭങ്ങൾ കൂടുതലായും പ്രവർത്തിക്കുന്നത്. ചെറുകിട-ഇടത്തരം വാണിജ്യ മേഖലകളിലാണ് ഇവരുടെ സജീവ സാന്നിധ്യം പ്രകടമാകുന്നത്. മാത്രമല്ല, പുതുതായി രംഗത്തേക്ക് കടന്നുവരുന്ന സംരംഭകരിൽ ഭൂരിഭാഗവും യുവതികളാണെന്നതും ശ്രദ്ധേയമാണ്. സൗദി സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള നീക്കങ്ങൾക്ക് വലിയ ഊർജമാണ് വനിതകളുടെ ഈ മുന്നേറ്റം പകരുന്നത്.
Adjust Story Font
16

