Quantcast

ദമ്മാമിലെ സാമൂഹ്യ, ജീവകാരുണ്യ രംഗത്തെ കാരണവര്‍ ബാവക്ക ഓര്‍മ്മയായി

നിയമ കുരുക്ക് കാരണം 30 വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരിക്കവേയാണ് മരണം

MediaOne Logo

Web Desk

  • Published:

    8 Dec 2025 6:39 PM IST

Social and charitable activist Bawaka from Dammam passes away
X

ദമ്മാം: നാലര പതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് ബാവക്ക എന്നന്നേക്കുമായി യാത്രായായി. തൃശൂർ കൈപ്പമംഗലം ചൂലൂക്കാരൻ മുഹ്‌യുദ്ദീൻ ബാവ (75) ആണ് ഹൃദയാഘാതത്തെ തുടർന്ന് ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ വെച്ച് മരിച്ചത്.

കിഴക്കന്‍ പ്രവിശ്യയിലെ നൂറുകണക്കിന് പ്രവാസികള്‍ക്ക് നിയമ വഴിയില്‍ തുണയായ ആളാണ് ബാവക്ക. എന്നാൽ താന്‍ അകപ്പെട്ട നിയമ കുരുക്കുകളുടെ ആഴം മനസ്സിലാക്കാതെയായിരുന്നു ബാവക്കയുടെ സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. ഒടുവില്‍ നിയമ കുരുക്ക് കാരണം 30 വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരിക്കവേയാണ് മരണം അദ്ദേഹത്തിന് യാത്രയൊരുക്കിയത്.

ജനറല്‍ സര്‍വീസ് മേഖലയില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം രണ്ട് പതിറ്റാണ്ട് മുമ്പാണ് ജനസേവന വഴിയല്‍ സജീവായത്. കിഴക്കൻ പ്രവിശ്യയിൽ ദമ്മാം കേന്ദ്രമായാണ് പ്രവർത്തിച്ചിരുന്നത്. നിരവധി നിരാലംബരായ പ്രവാസികൾ ബാവക്കയുടെ താങ്ങില്‍ നാടണഞ്ഞിട്ടുണ്ട്. സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സ്വയം ജീവിക്കാന്‍ മറന്ന് പോയ ഇദ്ദേഹം കുറച്ച് നാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സജീവമായിരുന്നില്ല. ഇതിനിടെയാണ് മരണം എത്തിയത്.

പ്രവാസികള്‍ക്കിടയില്‍ പരന്ന സൗഹൃദത്തിനുടമ കൂടിയായ ബാവക്കയുടെ വിയോഗം പഴയ തലമുറ സുഹൃത്തുക്കളെ ഏറെ ദുഖത്തിലാഴ്ത്തി. മൃതദേഹം ഇന്ന് വൈകിട്ട് മ​ഗ്രിബ് നമസ്കാരാനന്തരം അല്‍കോബറില്‍ മറവ് ചെയ്യും. അല്‍കോബാര്‍ ഇസ്കാന്‍ ജുമാമസ്ജിദില്‍ വെച്ചാണ് മയ്യത്ത് നമസ്കാരം നടക്കുക.

TAGS :

Next Story