Quantcast

സൗദിയിൽ ലൈസൻസില്ലാത്ത ടൂറിസം ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി; 10 ലക്ഷം റിയാൽ വരെ പിഴ

ടൂറിസം മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം

MediaOne Logo

Web Desk

  • Published:

    19 May 2025 6:59 PM IST

Strict action against unlicensed tourism hospitality establishments in Saudi
X

റിയാദ്: ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ടൂറിസം ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയുമായി സൗദി അറേബ്യ. ഇത്തരം സ്ഥാപനങ്ങൾക്ക് 10 ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ടൂറിസം മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്തെ ടൂറിസം മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. ലൈസൻസില്ലാതെ പ്രവർത്തിക്കുകയോ, കാലാവധി കഴിഞ്ഞ ലൈസൻസുമായി പ്രവർത്തിക്കുകയോ ചെയ്താൽ കനത്ത ശിക്ഷ അനുഭവിക്കേണ്ടിവരും. പിഴയായി 10 ലക്ഷം റിയാൽ ഈടാക്കുകയോ, സ്ഥാപനം അടച്ചുപൂട്ടുകയോ, അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ശിക്ഷയായി നൽകാൻ സാധ്യതയുണ്ട്.

നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ലൈസൻസ് കാലാവധി കഴിഞ്ഞ സ്ഥാപനങ്ങൾ ഉടൻ തന്നെ പുതുക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. സന്ദർശകർക്ക് ഉയർന്ന നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുക എന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം. ഉപഭോക്താക്കൾക്ക് അവരുടെ പരാതികൾ അറിയിക്കുന്നതിനായി ഒരു ഏകീകൃത ടൂറിസം സെന്ററും മന്ത്രാലയം സ്ഥാപിച്ചിട്ടുണ്ട്. ഹോട്ടലുകൾ, റിസോർട്ടുകൾ, സർവീസ് അപാർട്ട്മെന്റുകൾ, ഗസ്റ്റ് ഹൗസുകൾ, മോട്ടലുകൾ, കാമ്പ്സൈറ്റുകൾ, സ്വകാര്യ ടൂറിസം വില്ലകൾ, ഹോംസ്റ്റേകൾ, കൂടാതെ ഈ മേഖലയിൽ സേവനം നൽകുന്ന മറ്റ് എല്ലാ സ്ഥാപനങ്ങൾക്കും പുതിയ നിയമം ബാധകമായിരിക്കും.

TAGS :

Next Story