അറഫാ ദിനത്തിൽ ഹാജിമാർക്ക് കർശന മുന്നറിയിപ്പ്
രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെ തമ്പിൽ കഴിയണം

ജിദ്ദ: അറഫ ദിനത്തിൽ പകൽ സമയം വെയിൽകൊള്ളരുതെന്ന് തീർഥാടകർക്ക് മുന്നറിയിപ്പ്. രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെ തമ്പിൽ കഴിയണം. അറഫ, മിന, മുസ്ദലിഫ എന്നിവക്കിടയിൽ കാൽനട യാത്ര ഒഴിവാക്കാനും നിർദേശമുണ്ട്. നുസുഖ് കാർഡ് നഷ്ടമായാൽ സുരക്ഷ ഉദ്യോഗസ്ഥർ തടയുമെന്നും പുതിയ മുന്നറിയിപ്പ് പറയുന്നു.
കഴിഞ്ഞ വർഷം ഹജ്ജിൽ കനത്ത ചൂടിൽ എണ്ണൂറിലേറെ ഹാജിമാർ മരിച്ചിരുന്നു. അറഫ ദിനത്തിലും തുടർന്നുള്ള ദിവസത്തിലുമായിരുന്നു ഇത്. അനധികൃമായി എത്തിയവരായിരുന്നു ഭൂരിഭാഗവും. നിർദേശങ്ങൾ ലംഘിച്ചവരും തളർന്നു വീണു. ഈ സാഹചര്യത്തിലാണ് പ്രധാന മുന്നറിയിപ്പ് ഹജ്ജ് മന്ത്രാലയം നൽകുന്നത്. അറഫാ ദിനത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ തീർത്ഥാടകർ ക്യാമ്പുകളിൽ തന്നെ തങ്ങണം. ജബൽ അൽ-റഹ്മയിലോ നമിറ പള്ളിക്കരികിലേക്കോ പോകരുത്. ഇത് വഴി തെറ്റാനും വെയിലിൽ വീഴാനും സാധ്യത കൂട്ടും. ഇതോടെ ഹജ്ജ് കർമം പൂർത്തിയാക്കാനാകില്ല. അറഫ മിന മുസ്ദലിഫ എന്നിവക്കിടയിൽ കാൽനടയാത്ര ചെയ്യരുത്. ബസ് മെട്രോ സൗകര്യമുള്ളവരെല്ലാം അവ തന്നെ ഉപയോഗിക്കണം. അറഫ കഴിഞ്ഞുള്ള ദിവസങ്ങളിൽ തീർഥാടകർക്ക് ഏറെ കാൽനട യാത്രയുള്ളതാണ്. നുസുഖ് കാർഡ് മുഴു സമയവും ധരിക്കണം. തീർഥാടകരെ മറ്റുള്ളവരിൽ നിന്നും മനസ്സിലാക്കാനാണ് ഈ കാർഡ്. ഇഹ്റാമോ മറ്റു കാർഡുകളോ ധരിച്ചിട്ട് കാര്യമില്ല. നുസുഖ് ധരിക്കാത്തവരെ സുരക്ഷാ ഉദ്യോഗസ്ഥർ തടയും. സ്ഥിരീകരിക്കാൻ സമയമെടുത്താൽ ഹജ്ജ് കർമങ്ങൾ വൈകും. മന്ത്രാലയം ഓരോ തമ്പിനും നൽകിയ ഷെഡ്യൂളുകൾ കർശനമായി പാലിക്കണം. പുണ്യസ്ഥലങ്ങൾക്കിടയിൽ വൈകിയാലും നേരത്തെ പോയാലും തിരക്കിൽ പെടാൻ കാരണമാകും. മുൻവർഷത്തെ കാലാവസ്ഥാ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ നിർദേശങ്ങൾ.
Adjust Story Font
16

