വിലക്ക് നീക്കി; റിയാദിലെ 33.24 ചതുരശ്ര കിലോമീറ്റർ ഭൂമി ഇനി വിൽക്കാം, വാങ്ങാം...
നഗരത്തിൽ പടിഞ്ഞാറുള്ള ഭൂമിയിൽ നേരത്തെ റിയൽ എസ്റ്റേറ്റ് നിയന്ത്രണമുണ്ടായിരുന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് പടിഞ്ഞാറുള്ള 33.24 ചതുരശ്ര കിലോമീറ്റർ ഭൂമിയിൽ ഇടപാടുകൾ നടത്തുന്നതിനുള്ള വിലക്ക് നീക്കി. റോയൽ കമ്മീഷനാണ് വിലക്ക് നീക്കിയതായി അറിയിച്ചത്. ഇതോടെ പ്രദേശത്തെ ഭൂവുടമകൾക്കും സ്വത്ത് ഉടമകൾക്കും അവ വാങ്ങാനും വിൽക്കാനും കെട്ടിട പെർമിറ്റുകൾ നേടാനും ഇതര ഇടപാടുകൾ നടത്താനുമൊക്കെ അവകാശം ലഭിക്കും. വാദി ഹനീഫ പ്രദേശത്തിനും അതിന്റെ പോഷകനദികൾക്കുമുള്ള നഗര കോഡ് അനുസരിച്ചാണ് ഇടപാടുകൾ സാധ്യമാകുക. റിയൽ എസ്റ്റേറ്റ് മേഖല സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും സുസ്ഥിരവികസനത്തിൽ അതിന്റെ പങ്ക് വർധിപ്പിക്കുന്നതിനുമാണ് വിലക്ക് പിൻവലിക്കാനുള്ള തീരുമാനമെന്ന് അധികൃതർ അറിയിച്ചു. കിരീടാവകാശി, പ്രധാനമന്ത്രി, റിയാദ് സിറ്റിക്കായുള്ള റോയൽ കമ്മീഷന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ എന്നിവരുടെ നിർദേശപ്രകാരമാണ് നടപടികളെന്നും വ്യാഴാഴ്ച പുറപ്പെടുവിച്ച് പ്രസ്താവനയിൽ വിശദീകരിച്ചു. റിയാദിൽ വരാനിരിക്കുന്ന വികസന നടപടികളുടെ ഭാഗമാണ് വിലക്ക് പിൻവലിക്കാനുള്ള തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
റിയാദിലെ വിവിധ സ്ഥലങ്ങളുടെ മേലുള്ള വിലക്ക് താത്കാലികമാണെന്ന് അധികൃതർ പറഞ്ഞു. ഓരോ പ്രദേശത്തിന്റെയും വികസനത്തിനായുള്ള മികച്ച ആസൂത്രണ, നിയന്ത്രണ തീരുമാനങ്ങൾ സ്വീകരിക്കാനാണ് തീരുമാനമെന്നും വ്യക്തമാക്കി.
റിയൽ എസ്റ്റേറ്റ് മേഖലയിലെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അധികൃതർ നടപടികൾ സ്വീകരിച്ചുവരികയാണ്. റിയാദിൽ അഞ്ച് വർഷത്തേക്ക് വാടക നിരക്ക് വർധന നിരോധിച്ചിരുന്നു. തുടർന്ന് രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും അഞ്ച് വർഷത്തേക്ക് വാടക നിരക്ക് നിശ്ചയിക്കാനുള്ള തീരുമാനം സ്വീകരിക്കുന്നതിനെക്കുറിച്ച് റിയൽ എസ്റ്റേറ്റ് അതോറിറ്റി പഠനം നടത്തുകയാണ്.
റിയാദിൽ അഞ്ച് വർഷത്തേക്ക് വാടക വർധന നിരോധിച്ച നിയമം പ്രവാസികൾക്ക് ഏറെ ഗുണകരമാണ്. നഗരത്തിൽ വാടക കരാറുകൾ ഒരു വർഷം പിന്നിട്ടാലും കാരണമില്ലാതെ റദ്ദാക്കാനാകില്ല. ഈ രംഗത്തെ നിയമവിരുദ്ധ നടപടികൾ രഹസ്യ വിവരമായി നൽകുന്നവർക്ക് 12,000 റിയാൽ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടീഷ്യൻ ചെയ്ത കെട്ടിടങ്ങൾക്കെതിരെ പരിശോധനയും റിയാദിൽ ശക്തമാക്കുന്നുണ്ട്. സെപ്തംബറിലാണ് റിയാദിൽ വാടക നിരക്കിന് വിലക്കേർപ്പെടുത്തി സൗദി കിരീടാവകാശിയുടെ ഉത്തരവ് ഇറങ്ങിയത്. അനിയന്ത്രിതമായി ഉയരുന്ന വാടക നിരക്കിന് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
Adjust Story Font
16

