ത്വായിഫ് ചുരത്തിലെ നിർമാണം പൂർത്തിയായി
ഫെബ്രുവരി 20 മുതൽ വാഹനങ്ങൾക്ക് പ്രവേശനം

ജിദ്ദ: സൗദിയിലെ ത്വായിഫ് ചുരത്തിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. നാളെ മുതൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കും. മക്കയെയും ത്വായിഫിനെയും ബന്ധിപ്പിക്കുന്ന പ്രധാന ചുരമാണ് അൽഹദാ ചുരം.
നിശ്ചയിച്ചതിൽ നിന്ന് പത്ത് ദിവസം മുന്നേയാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്. മക്കയെയും ത്വായിഫിനെയും ബന്ധിപ്പിക്കുന്ന തിരക്കേറിയ റൂട്ടാണ് അൽഹദാ ചുരം. ഇതുവഴിയാണ് റിയാദിലേക്കുള്ള പാതയും പോകുന്നത്.
ജനുവരി ഒന്നുമുതലായിരുന്നു നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി താൽക്കാലികമായി അടച്ചത്. നേരത്തെ റമദാൻ ഒന്നുമുതൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. നാളെ മുതൽ വാഹനങ്ങൾക്ക് ഈ വഴി ഇനി യാത്ര ചെയ്യാം. ചെറു വാഹനങ്ങൾക്കാണ് ചുരം വഴിയുള്ള യാത്രക്ക് അനുമതിയുള്ളത്. വലിയ വാഹനങ്ങൾ യാത്ര ദൈർഘ്യം കൂടുതലുള്ള സെയിൽ കബീർ റോഡ് വഴിയാണ് ത്വായിഫിലേക്ക് എത്താൻ കഴിയുക.
ഹദാ ചുരം നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി സെയിൽ കബീർ റോഡിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. റോഡിലെ സുരക്ഷയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു അറ്റകുറ്റപ്പണികൾ. വിനോദസഞ്ചാരികൾ ഉൾപ്പെടെ ഈ റോഡാണ് പ്രധാനമായും ഉപയോഗിക്കാറുള്ളത്.
Adjust Story Font
16

