Quantcast

എല്ലാം മുകളിൽ നിന്ന് കാണും...; അസീർ പ്രവിശ്യയിൽ മുനിസിപ്പൽ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ ഡ്രോണുകൾ

ആദ്യഘട്ടമായി അബഹയിലും ഖമീസ് മുഷൈത്തിലും നടപ്പാക്കിയ പൈലറ്റ് പ്രോ​ഗ്രാം വിജയകരം

MediaOne Logo

Web Desk

  • Published:

    6 Jan 2026 8:58 PM IST

The first program to monitor municipal violations using drones has been a success
X

റിയാദ്: അസീർ പ്രവിശ്യയിലെ മുനിസിപ്പൽ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ആദ്യ ഡ്രോൺ പദ്ധതി വിജയകരമെന്ന് മേഖലാ സെക്രട്ടറി അബ്ദുല്ല അൽ ജലി. പദ്ധതിയുടെ പൈലറ്റ് രൂപം രാജ്യത്ത് ആദ്യമായാണ് വിജയകരമായി നടപ്പാക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതൽ അസീർ മുനിസിപ്പാലിറ്റിയും പാർപ്പിട മന്ത്രാലയവും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിച്ചാണ് പരീക്ഷണങ്ങൾ ആരംഭിച്ചതെന്ന് അൽ ജലി വിശദീകരിച്ചു. ആദ്യഘട്ടമായി അബഹയിലും ഖമീസ് മുഷൈത്തിലുമാണ് ഇത് നടപ്പാക്കിയത്.

എഐ സാങ്കേതികവിദ്യയോടു കൂടിയ ഡ്രോൺ മനുഷ്യ ഇടപെടലില്ലാതെയാണ് പ്രവർത്തിക്കുന്നത്. ‍ഡ്രോണുകൾ മേഖലയിലെ പദ്ധതികൾ നിരീക്ഷിക്കുകയും നിർമാണ-ഖനന ലംഘനങ്ങൾ, മാലിന്യക്കൂമ്പാരം, അതിക്രമങ്ങൾ എന്നിവ കണ്ടെത്തുകയും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യും. അസാധാരണ വേഗതയിൽ കൃത്യതയോടെ സർവേ പ്രവർത്തനങ്ങളും ഇത് നിർവഹിക്കും. മുനിസിപ്പൽ സേവനങ്ങളും ഇടപാടുകളും വേ​ഗത്തിലാക്കാൻ ഈ പദ്ധതി സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

ലൈസൻസ് നൽകൽ, പ്ലാൻ അംഗീകാരം എന്നിവയ്ക്കും ദൃശ്യവൈകല്യങ്ങൾ പരിഹരിക്കുന്നതിനും പദ്ധതി നിർവഹണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സുതാര്യത വർധിപ്പിക്കുന്നതിനും ഇത് സഹായകമാകും. ജനങ്ങളുടെ റിപ്പോർട്ടുകളോടുള്ള പ്രതികരണം, അറ്റകുറ്റപ്പണികൾ, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവ ട്രാക്ക് ചെയ്യുന്ന അധിക പ്രവർത്തനങ്ങൾ പരീക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് അസീർ മേഖലാ സെക്രട്ടറി അറിയിച്ചു. ഭാവിയിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന സംവിധാനം രാജ്യത്തൊട്ടാകെ വ്യപിപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് മന്ത്രാലയം.

TAGS :

Next Story