Quantcast

കഅബയുടെ മൂടുപടം ഉയർത്തിക്കെട്ടി; മക്കയിൽ വിശ്വാസികളുടെ തിരക്ക്

ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ ഡോക്യുമെന്റേഷൻ ക്യാമറകൾ

MediaOne Logo

Web Desk

  • Updated:

    2023-06-10 18:39:55.0

Published:

10 Jun 2023 6:38 PM GMT

കഅബയുടെ മൂടുപടം ഉയർത്തിക്കെട്ടി; മക്കയിൽ വിശ്വാസികളുടെ തിരക്ക്
X

മക്ക: ഹജ്ജ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മക്കയിൽ വിശുദ്ധ കഅബയെ അണിയിച്ച കിസ്‌വയുടെ (മൂടുപടം) അടിഭാഗം ഉയർത്തിക്കെട്ടി. ഹജ്ജ് തീർഥാടകരുടെ തിരക്ക് വർധിച്ച് തുടങ്ങിയതോടെയാണ് കിസ്‌വ ഉയർത്തി കെട്ടിയത്. എല്ലാ വർഷവും ഹജ്ജ് കാലത്ത് ചെയ്ത് വരുന്നതിന്റെ തുടർച്ചയായാണ് ഈ വർഷവും കഅബയുടെ മൂടുപടം ഉയർത്തി കെട്ടിയത്. കഅബയുടെ നാല് ഭാഗങ്ങളിലുമുള്ള കറുത്ത കിസ്‌വ തറനിരപ്പിൽ നിന്നും മൂന്ന് മീറ്ററാണ് ഉയർത്തിയത്. ഉയർത്തികെട്ടിയ ഭാഗം പിന്നീട് വെളുത്ത കോട്ടൺ തുണികൊണ്ട് മൂടിക്കെട്ടി.

ഹജ്ജ് കാലത്ത് തിരക്കിനിടയിൽ തീർത്ഥാടകരുടെ പിടിവലി മൂലം കേട് പാടുകൾ സംഭവിക്കാതിരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. കൂടാതെ ചില തീർഥാകർ തെറ്റായ വിശ്വാസപ്രകാരം കിസ്‌വ യുടെ ചില ഭാഗങ്ങൾ മുറിച്ചെടുക്കാനും ശ്രമിക്കാറുണ്ട്. ഇത് ഒഴിവാക്കുന്നതിനും വേണ്ടിയാണ് കിസ്‌വ ഉയർത്തികെട്ടുന്നത്. മുൻ വർഷങ്ങളിൽ തീർത്ഥാടകർ അറഫയിൽ സമ്മേളിക്കുന്ന ദുൽഹജ്ജ് ഒമ്പതിനായിരുന്നു കഅബയുടെ മൂടുപടം മാറ്റി പുതിയത് അണിയിക്കാറുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം മുഹറം ഒന്നിനായിരുന്നു കിസ്‌വ മാറ്റൽ ചടങ്ങ്. ഈ വർഷവും കഴിഞ്ഞ വർഷത്തെ രീതി തുടരുമെന്നാണ് സൂചന. കോവിഡിന് ശേഷം നടക്കുന്ന സമ്പൂർണ ഹജ്ജിൽ ഇത്തവണ തീർഥാടകർക്കായി മികച്ച പദ്ധതികളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഇരുഹറം കാര്യാലയം മേധാവി ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ സൂദൈസ് പറഞ്ഞു. ഹറം പള്ളിയുടെ എല്ലാ നിലകളും പൂർണമായും തീർഥാകർക്കായി സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ ഡോക്യുമെന്റേഷൻ ക്യാമറകൾ

അതേസമയം, ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ ഡോക്യുമെന്റേഷൻ ക്യാമറകൾ സ്ഥാപിച്ചതായി ജവാസാത്ത് അറിയിച്ചു. ഹജ്ജ് തീർഥാടകരുടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത് ആദ്യമായാണ് ഹാജിമാരെത്തുന്ന ഹാളുകളിൽ ഡോക്യൂമെന്റേഷൻ ക്യമറകൾ സ്ഥാപിക്കുന്നത്.

ഹജ്ജ് തീർഥാടകരെത്തുന്ന ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലെയും മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലെയും ഹജ്ജ് ഹാളുകളിലാണ് ഡോക്യുമെന്റേഷൻ ക്യാമറകൾ സ്ഥാപിച്ചത്. ഹജ്ജ് തീർഥാടകരുടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് വേണ്ടിയാണിതെന്ന് പാസ്‌പോർട്ട് വിഭാഗം വ്യക്തമാക്കി. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുക, പാസ്പോർട്ട് വിഭാഗം ജീവനക്കാരെ അവരുടെ ജോലി പൂർണ്ണമായി നിർവഹിക്കാൻ പ്രാപ്തമാക്കുക തുടങ്ങിയവയാണ് പുതിയ പരിഷ്‌കാരത്തിലൂടെ ലക്ഷ്യം വെക്കുന്നത്. സൌദിയിലേക്ക് പ്രവേശിക്കുന്ന സൽവ ബോർഡറിലും അടുത്തിടെ ഡോക്യുമെന്റേഷൻ ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇരു വിമാനത്താവളങ്ങളിലും എത്തുന്ന തീർഥാടകർക്കായി മികച്ച സേവനങ്ങളാണ് നടത്തി വരുന്നത്. മദീനയിലെത്തുന്ന തീർഥാടകരെ മക്കയിലേക്കെത്തിക്കാനും ഹജ്ജിന് ശേഷം മദീനയിലേക്ക് പോകുവാനുള്ള തീർഥാടകർക്ക് സഞ്ചരിക്കാനുമായി നിരവധി ബസ് സർവീസുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ആഭ്യന്തര തീർഥാടകരുടെ കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യം

ഹജ്ജിനെത്തുന്ന ആഭ്യന്തര തീർഥാടകരുടെ കാറുകൾ പാർക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കി. മക്കാ കവാടത്തിൽ അഞ്ചിടങ്ങളിലായാണ് പാർക്കിങ് സൗകര്യമേർപ്പെടുത്തിയത്. പാർക്കിങ് ഏരിയകളിലെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചതായി മക്കാ നഗരസഭ അറിയിച്ചു. ഹാജിമാർക്കുള്ള പാർക്കിംഗ് ഏരിയകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കി സജ്ജമാക്കിയതായി മക്കാ നഗരസഭയാണ് അറിയിച്ചത്. ഹജ്ജ് സീസണിൽ മക്കയിൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തീർഥാടകരുടെ വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടാകില്ല. പകരം മക്കാ കവാടത്തിൽ സജ്ജീകരിച്ച പാർക്കിങ് ഏരിയകളിൽ വാഹനം പാർക്ക് ചെയ്ത് ബസുകളിൽ തുടർ യാത്ര സാധ്യമാക്കുകയാണ് ചെയ്യുക.

പാർക്കിംഗുകളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തീർഥാടകർക്കായി തുറന്നു നൽകി. ഏറ്റവും മികച്ച സേവനങ്ങളാണ് മക്ക നഗരസഭ ഇവിടെ ഓരിക്കിയിരിക്കുന്നത്. സർക്കാർ ഓഫീസ് സമുച്ചയങ്ങൾ, തീർഥാടകർക്കുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ, ടോയ്‌ലെറ്റുകൾ എന്നിവ പാർക്കിംഗ് ഏരിയയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. റീ ടാറിംഗ് ജോലികൾ, തെരുവുവിളക്കുകൾ, നമ്പറിടൽ, വൃക്ഷവത്ക്കരണം അടക്കമുള്ള ജോലികളും പൂർത്തിയാക്കി. 18.8 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതി വരുന്ന അഞ്ചു പാർക്കിംഗുകളിലായി അൻപതിനായിരം കാറുകൾക്ക് വരെ പാർക്ക് ചെയ്യാൻ സാധിക്കും.

The veil of the Kaaba was raised; Crowd of believers in Makkah

TAGS :

Next Story