ഡബ്ല്യുഎംസി അൽഖോബാർ സംഘടിപ്പിക്കുന്ന 'വൗ മോം' ഗ്രാന്റ് ഫിനാലെ മെയ് 30ന്
മുപ്പതോളം അമ്മമാർ മത്സരിക്കുന്ന റിയാലിറ്റി ഷോയുടെ വ്യത്യസ്ത റൗണ്ടുകൾ പൂർത്തിയായി

ദമ്മാം: വേൾഡ് മലയാളീ കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു മാസക്കാലമായി നടന്നു വരുന്ന വൗ മോം റിയാലിറ്റി ഷോ ഗ്രാൻഡ് ഫൈനലിലേക്ക്. പ്രവിശ്യയിലെ മുപ്പതോളം അമ്മമാർ മത്സരിക്കുന്ന റിയാലിറ്റി ഷോയുടെ വ്യത്യസ്ത റൗണ്ടുകൾ പൂർത്തിയായി.
ദമ്മാം ലുലു മാളിൽ മെയ് 2 വെള്ളിയാഴ്ച ആരംഭിച്ച ആദ്യ റൗണ്ടിൽ കുക്ക് ആൻറ് കോൺക്യൂർ എന്നപേരിൽ നിശ്ചിത സമയത്തിനുള്ളിൽ ലൈവ് കുക്കിങ്, ക്രാഫ്റ്റി മോം എന്ന പേരിൽ ലൈവ് പേപ്പർ ക്രാഫ്റ്റ് വർക്ക്, പെൻ യുവർ സ്റ്റോറി എന്ന പേരിൽ ഒരു വിഷയത്തെ ആസ്പദമാക്കിയുള്ള എഴുത്ത് എന്നിവയാണ് സംഘടിപ്പിച്ചത്.
ബ്രെയിൻ ബാറ്റിൽ എന്ന ഇന്ററാക്ടീവ് റൗണ്ടിൽ മത്സരാർഥികളും അവരുടെ പങ്കാളികളും ജഡ്ജിംഗ് പാനലിനു മുൻപിൽ വിവിധങ്ങളായ അഭിമുഖ സംഭാഷണങ്ങൾക്കും,മനഃശാസ്ത്ര കൗൺസിലിംഗിനും, പ്രത്യേക ഗ്രൂമിങ് സെഷനും വിധേയമായി.
പരിപാടിയുടെ ഫിനാലേ മെയ് 30നു നടക്കും. പ്രാഥമിക റൗണ്ടുകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച 5 അമ്മമാർ ഫിനാലെയിൽ മത്സരിക്കും. ചലച്ചിത്ര നടിയും റിയാലിറ്റി ഷോ ജഡ്ജുമായ ശ്വേതാമേനോൻ മുഖ്യ അതിഥിയായി പങ്കെടുക്കും. കിഴക്കൻ പ്രവിശ്യയിൽ ആദ്യമായാണ് ഒരുമാസം നീണ്ടുനിൽക്കുന്ന ഒരു റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നതെന്ന് പ്രോഗ്രാം കൺവീനർ ഗുലാം ഫൈസൽ പറഞ്ഞു. മത്സരത്തിൽ സുതാര്യത ഉറപ്പ് വരുത്തുന്നതിൻറെ ഭാഗമായി പ്രഗത്ഭരായ വിധി കർത്താക്കളെയാണ് സജജീകരിച്ചിരിക്കുന്നതെന്ന് വനിതാ വിഭാഗം പ്രസിഡന്റ് ഷംല നജീബ് പറഞ്ഞു.
വേൾഡ് മലയാളീ കൗൺസിൽ അൽ ഖോബാർ വനിതാ വിഭാഗം സെക്രട്ടറി അനുപമ ദിലീപ്,ട്രഷറർ രതി നാഗ, പ്രൊവിൻസ് പ്രസിഡന്റ് ഷമീം കാട്ടാകട,ചെയർമാൻ അഷ്റഫ് ആലുവ,ജനറൽ സെക്രട്ടറി ദിനേശൻ,മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് നജീബ് അരഞ്ഞിക്കൽ,മറ്റു ക്യാബിനറ്റ്, എക്‌സിക്യൂട്ടീവ് അംഗങ്ങൾ വിവിധ റൗണ്ടുകൾക്കു നേതൃത്വം നൽകി. മിഡിൽ ഈസ്റ്റ് ട്രഷറർ അർച്ചനാ അഭിഷേക് മത്സരാർഥികൾക്ക് ഫിനാലയിലേക്കുള്ള ഗ്രൂമിംഗ് നടത്തി.
Adjust Story Font
16

