അസീർ മേഖലയിൽ മൂന്ന് പുതിയ റോഡുകൾ തുറന്നു; തെക്കൻ പ്രദേശങ്ങൾക്ക് റിയാദിലേക്ക് നേരിട്ടുള്ള യാത്ര എളുപ്പമാകും
ജനറൽ അതോറിറ്റി ഫോർ റോഡ്സും അസീർ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റിയും ചേർന്നാണ് പദ്ധതികൾ പൂർത്തിയാക്കിയത്

അസീർ: സൗദിയിലെ അസീർ പ്രവിശ്യയിൽ മൂന്ന് സുപ്രധാന റോഡുകൾ ഗതാഗതത്തിനായി തുറന്നു. കിങ് ഖാലിദ് എയർപോർട്ട്-അബഹ റോഡ് ഇന്റർസെക്ഷൻ, ബീഷ-ഖമീസ് മുഷൈത്ത് റോഡിന്റെ അഞ്ചാം ഘട്ടം, ബീഷ-ബൽഖർൻ റോഡ് എന്നീ പദ്ധതികളാണ് പൂർത്തീകരിച്ചത്. ജനറൽ അതോറിറ്റി ഫോർ റോഡ്സും അസീർ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റിയും ചേർന്നാണ് പദ്ധതികൾ പൂർത്തിയാക്കിയത്. പ്രദേശവാസികൾക്കും സന്ദർശകർക്കും ഇനി യാത്ര കൂടുതൽ എളുപ്പമാകും.
കിങ് ഖാലിദ് എയർപോർട്ട്-അബഹ റോഡിലെ ഇന്റർസെക്ഷനാണ് പൂർത്തിയാക്കിയ പദ്ധതികളിൽ പ്രധാനപ്പെട്ടത്. 7 കിലോമീറ്റർ നീളമുള്ള ഈ റോഡ്, ഇരുദിശകളിലേക്കും മൂന്ന് ലൈനുകൾ വീതമുള്ളതാണ്. 49.8 മില്യൺ റിയാലായിരുന്നു ചിലവ്. ഈ റോഡിൽ ഒരു ഓവർപാസും എട്ട് പ്രവേശന കവാടങ്ങളും എട്ട് എക്‌സിറ്റുകളുമുണ്ട്. അബഹ, ഖമീസ് മുഷൈത്ത്, അഹദ് റഫിദ ഗവർണറേറ്റുകളുമായി ബന്ധിപ്പിക്കാൻ ഇത് സഹായിക്കും.
ബീഷയെയും ഖമീസ് മുഷൈത്തിനെയും ബന്ധിപ്പിക്കുന്ന റോഡിന്റെ അഞ്ചാം ഘട്ടമാണ് പൂർത്തിയാക്കിയ രണ്ടാമത്തെ പദ്ധതി. 29 കിലോമീറ്റർ നീളമുള്ള ഈ ഭാഗം പൂർത്തിയായതോടെ റോഡിന്റെ 144 കിലോമീറ്ററിൽ 129 കിലോമീറ്ററും ഇപ്പോൾ ഗതാഗതത്തിന് സജ്ജമായി. ബീഷ-ബൽഖർൻ റോഡ് പൂർത്തിയാക്കിയതാണ് മൂന്നാമത്തെ പദ്ധതി. 8 കിലോമീറ്റർ നീളമുള്ള ഈ റോഡ് പൂർത്തിയായതോടെ ആകെ 78 കിലോമീറ്ററിൽ 64 കിലോമീറ്ററും ഗതാഗതത്തിനായി തുറന്നു. ബൽഖർൻ ഗവർണറേറ്റിനെ ബിഷ-അൽറയിൻ-റിയാദ് റോഡുമായി ബന്ധിപ്പിക്കുന്നതിൽ ഈ പാത നിർണായകമാകും.
Adjust Story Font
16

