വ്യാപാര-സാമ്പത്തിക പങ്കാളിത്തം; ഏഷ്യൻ രാജ്യങ്ങളുമായി സഹകരണം വിപുലീകരിക്കുമെന്ന് ജിസിസി സെക്രട്ടറി ജനറൽ
ജിസിസി രാജ്യങ്ങളുടെ സാമ്പത്തിക രംഗം മികച്ച പ്രതിരോധശേഷി കാണിച്ചതായി അൽബുദൈവി എടുത്തുപറഞ്ഞു

റിയാദ്: ജിസിസി രാജ്യങ്ങളും ഏഷ്യൻ രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം വിപുലീകരിക്കുമെന്ന് ജിസിസി ജനറൽ സെക്രട്ടറി. ജിസിസി അംഗരാജ്യങ്ങളും ഏഷ്യൻ രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം വ്യാപാരം, സംയുക്ത നിക്ഷേപങ്ങൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ബാങ്കിങ് സംയോജനം എന്നിവ വർധിപ്പിക്കുന്നതിനുള്ള തന്ത്രപ്രധാനമായ അടിത്തറയാണെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി വ്യക്തമാക്കി.
അന്താരാഷ്ട്ര നാണയ നിധിയുടെയും വേൾഡ് ബാങ്ക് ഗ്രൂപ്പിന്റെയും 2026-ലെ വാർഷിക യോഗത്തോടനുബന്ധിച്ച് ബാങ്കോക്കിൽ സംഘടിപ്പിച്ച ജിസിസി-ഏഷ്യ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കിങ്, നിക്ഷേപം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ മേഖലയിലെ സാമ്പത്തിക-ധനകാര്യ നേതാക്കൾ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കിയ കുവൈത്ത് ബാങ്കിങ് അസോസിയേഷനെയും ഏഷ്യൻ ബാങ്കേഴ്സ് അസോസിയേഷനെയും അദ്ദേഹം അഭിനന്ദിച്ചു.
ആഗോള വിപണിയിലെ മാറ്റങ്ങൾക്കിടയിലും ജിസിസി രാജ്യങ്ങളുടെ സാമ്പത്തിക രംഗം മികച്ച പ്രതിരോധശേഷി കാണിച്ചതായി അൽബുദൈവി എടുത്തുപറഞ്ഞു. ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക ശേഷിയും ഏഷ്യയുടെ വ്യവസായ-സാങ്കേതിക കരുത്തും ഒന്നിക്കുന്നത് സാങ്കേതികവിദ്യയുടെ വികസനത്തിനും പുതിയ അവസരങ്ങൾക്കും വഴിതുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുറമുഖങ്ങൾ, വ്യാപാര പാതകൾ, സംഭരണ ശൃംഖലകൾ എന്നിവ ബന്ധിപ്പിച്ചുകൊണ്ട് ലോജിസ്റ്റിക്സ്, ഇൻഫ്രാസ്ട്രക്ചർ മേഖലകൾ വിപുലീകരിക്കുക, ഡാറ്റാ സെന്ററുകളിലും ക്ലൗഡ് സേവനങ്ങളിലും സംയുക്ത നിക്ഷേപം നടത്തി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുന്നോട്ട് കൊണ്ടുപോകുക, വ്യാപാര ധനസഹായം, സംയോജിത മൂലധന വിപണികൾ, അതിർത്തി കടന്നുള്ള പേയ്മെന്റ് പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ സാമ്പത്തിക-ബാങ്കിങ് സഹകരണം ശക്തമാക്കുക, എന്നിവ ഭാവി സഹകരണത്തിനുള്ള പ്രധാന മേഖലകളാണ്.
Adjust Story Font
16

