Quantcast

സൗദിയിലെ ശിആർ ചുരത്തിൽ ഗതാഗതം പുനരാരംഭിച്ചു; 34 കിലോമീറ്ററിൽ അറ്റകുറ്റപണികൾ നടത്തി

അസീർ പ്രവിശ്യയിലെ അഖബ ശിആർ ചുരത്തിൽ 34 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഇപ്പോൾ അറ്റകുറ്റപണികൾ പൂർത്തിയാക്കിയത്.

MediaOne Logo

Web Desk

  • Updated:

    2023-09-03 19:20:28.0

Published:

3 Sept 2023 11:13 PM IST

സൗദിയിലെ ശിആർ ചുരത്തിൽ ഗതാഗതം പുനരാരംഭിച്ചു;  34 കിലോമീറ്ററിൽ അറ്റകുറ്റപണികൾ നടത്തി
X

പ്രതീകാത്മക ചിത്രം 

സൗദിയിൽ അസീറിലെ ശിആർ ചുരത്തിൽ വാഹനഗതാഗതം പുനരാരംഭിച്ചു. അറ്റകുറ്റപണികളും നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയാണ് ഗതാഗതത്തിന് തുറന്നു കൊടുത്തത്. അസീർ പ്രവിശ്യയിലെ അഖബ ശിആർ ചുരത്തിൽ 34 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഇപ്പോൾ അറ്റകുറ്റപണികൾ പൂർത്തിയാക്കിയത്. ഇതിൽ 14 കിലോമീറ്റർ ചുരവും 20 കിലോമീറ്റർ സിംങ്കിൾ റോഡുമാണ്. 220 മീറ്റർ നീളത്തിൽ ഡിവൈഡറുകൾ സ്ഥാപിച്ചിച്ചുണ്ട്.

തുരങ്കങ്ങൾക്കുള്ളിൽ 7,000 മീറ്റർ നീളമുള്ള എക്സ്പാൻഷൻ ജോയിന്റുകൾ സ്ഥാപിച്ചു. ഗതാഗതം സുഗമമാക്കുന്നതിനായി ആധുനിക ലൈറ്റിങ് സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. തുരങ്കങ്ങൾക്കുള്ളിലെ ചുമരുകളിൽ 14 കിലോമീറ്റർ നീളത്തിൽ റിഫ്ലക്ടറുകളും 34 കിലോമീറ്റർ നീളത്തിൽ റോഡിലുടനീളം റിഫ്ലക്ടർ ഗ്രൗണ്ട് മാർക്കുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 800 ഓളം മുന്നറിയിപ്പ് ബോഡുകളും സ്ഥാപിച്ചു.

ഇതുവഴിയുള്ള ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് വികസന പ്രവർത്തനങ്ങളെന്ന് അസീർ പ്രവിശ്യാ വികസന അതോറിറ്റിയും റോഡ്‌ അതോറിറ്റിയും വ്യക്തമാക്കി. കഴിഞ്ഞ നാലു മാസമായി ഇവിടെ വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. 40 വർഷത്തിനിടയിലെ ഏറ്റവും വലിയ അറ്റകുറ്റപണികളും വികസന പ്രവർത്തനങ്ങളുമാണ് ഇപ്പോൾ പൂർത്തിയായത്. പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ പൂർത്തിയാകും. ഇക്കഴിഞ്ഞ റമദാനിൽ മക്കയിലേക്ക് പുറപ്പെട്ട ഉംറ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് തീപിടിച്ചത് ഇവിടെ വെച്ചായിരുന്നു. ഈ അപകടത്തിൽ 21 പേർ മരിക്കുകയും ഇന്ത്യക്കാരുൾപ്പെടെ 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


TAGS :

Next Story