യാത്രാസമയം കുറയും; മക്കയിൽ പുതിയ റോഡ് ശൃംഖലകൾ തുറന്നു;
മൂന്നാം റിങ് റോഡ്, പ്രിൻസ് സൗദ് അൽ ഫൈസൽ റോഡ് എന്നിവയുടെ വിവിധ ഭാഗങ്ങളാണ് വാഹനങ്ങൾക്കായി തുറന്നുകൊടുത്തത്

ജിദ്ദ: മക്കയിലെ റോഡ് വികസന പദ്ധതികളുടെ ഭാഗമായി പുതിയ പാതകളിൽ ഗതാഗതം ആരംഭിച്ചു. മൂന്നാം റിങ് റോഡ്, പ്രിൻസ് സൗദ് അൽ ഫൈസൽ റോഡ് എന്നിവയുടെ വിവിധ ഭാഗങ്ങളാണ് വാഹനങ്ങൾക്കായി തുറന്നുകൊടുത്തത്. റോയൽ കമ്മീഷൻ ഫോർ മക്കാസിറ്റി ആന്റ് ഹോളി സൈറ്റ്സാണ് ഇക്കാര്യം അറിയിച്ചത്.
പ്രിൻസ് മുതൈബ് ജങ്ഷൻ മുതൽ മസ്ജിദുൽ ഹറാം ജങ്ഷൻ വരെയുള്ള പുതിയ പാതയിൽ 1.5 കിലോമീറ്റർ അധിക ദൂരം കൂടി ഗതാഗതത്തിനായി തുറന്നു. പ്രിൻസ് സുൽത്താൻ ജങ്ഷൻ വഴിയാണ് ഈ പാത കടന്നുപോകുന്നത്. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ആക്സിസിൽ നിന്ന് ആരംഭിച്ച് പ്രിൻസ് നായിഫ് ബിൻ അബ്ദുൽ അസീസ് ജങ്ഷൻ വഴി അബ്ദുൽ ഖാദിർ കുഷ്ക് സ്ട്രീറ്റിലേക്ക് എത്തുന്ന റോഡിന്റെ ശേഷിക്കുന്ന ഭാഗവും തുറന്നുകൊടുത്തു. ഇത് സമീപവാസികൾക്ക് ഏറെ പ്രയോജനപ്പെടും.
ഈ പുതിയ റോഡ് പദ്ധതികൾ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും, റോഡ് സുരക്ഷ വർധിപ്പിക്കാനും, യാത്രാ സമയം 90 ശതമാനത്തിലധികം കുറക്കാനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, ഹജ്ജ്-ഉംറ തീർഥാടകർക്കും പ്രദേശവാസികൾക്കും മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിലൂടെ മക്കയിലെ ജീവിത നിലവാരം ഉയർത്താനും ഇത് സഹായകരമാകും.
Adjust Story Font
16

