Quantcast

ഊബർ സഹസ്ഥാപകനും റെഡ് സീ ഗ്ലോബൽ സിഇഒക്കും സൗദി പൗരത്വം

ട്രാവിസ് കലാനിക്കിനും ജോൺ പഗാനോയ്ക്കുമാണ് പൗരത്വം നൽകിയത്, ഇരുവരും അടുത്തിടെ ഇസ്‌ലാം സ്വീകരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    10 Oct 2025 6:18 PM IST

Uber co-founder and Red Sea Global CEO granted Saudi citizenship
X

റിയാദ്: സംരംഭകനും ഊബർ സഹസ്ഥാപകനുമായ ട്രാവിസ് കലാനിക്കിനും റെഡ് സീ ഗ്ലോബലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജോൺ പഗാനോയ്ക്കും സൗദി അറേബ്യ പൗരത്വം നൽകി. വിശിഷ്ട ശാസ്ത്രജ്ഞർ, ഇന്നൊവേറ്റേഴ്‌സ്, വിദഗ്ധർ, ബിസിനസ്സ് നേതാക്കൾ എന്നിവരുടെ പട്ടികയിലാണ് ഇവർ ഇടം നേടിയത്.

വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി മികച്ച ആഗോള പ്രതിഭകളെ ആകർഷിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് അംഗീകാരം. അടുത്തിടെ ഇസ്‌ലാം സ്വീകരിച്ച കലാനിക്കിനും പഗാനോയും സാങ്കേതികവിദ്യ, സംരംഭകത്വം, ടൂറിസം വികസനം എന്നിവയിൽ മികച്ച കരിയർ കെട്ടിപ്പടുത്തിട്ടുണ്ട്.

സ്റ്റാർട്ടപ്പ് മേഖലയിലെ ലോകത്തിലെ ഏറ്റവും പ്രമുഖ സംരംഭകരിൽ ഒരാളാണ് കലാനിക്. 26 വർഷത്തിലേറെ പരിചയസമ്പത്തുണ്ട്. 2017 ഓടെ ഏകദേശം 150 ബില്യൺ ഡോളറിന്റെ വിപണി മൂല്യത്തിലേക്ക് വളർന്ന ഊബർ ടെക്‌നോളജീസിന്റെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവായും അദ്ദേഹം സേവനമനുഷ്ഠിച്ചു. നിലവിൽ ക്ലൗഡ് കിച്ചൺസിന്റെ ചീഫ് എക്‌സിക്യൂട്ടീവായാണ് സേവനമനുഷ്ഠിക്കുന്നത്. കിച്ചൺ പാർക്ക് ബ്രാൻഡിന് കീഴിൽ മിഡിൽ ഈസ്റ്റ് ഉൾപ്പെടെ 400 ലധികം സ്ഥലങ്ങളിൽ ഡെലിവറി-ഒൺലി 'ഗോസ്റ്റ് കിച്ചണുകൾ' നടത്തുന്ന സംരംഭമാണിത്. സൗദി അറേബ്യ, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.

അതേസമയം, പഗാനോക്ക് റിയൽ എസ്റ്റേറ്റ്, ടൂറിസം വികസനത്തിൽ നാല് പതിറ്റാണ്ടിന്റെ പരിചയമുണ്ട്. 2006 ൽ ബഹാ മാർ ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡിന്റെ പ്രസിഡന്റായി നിയമിക്കപ്പെട്ടു. ബഹാമാസിലെ 3.6 ബില്യൺ ഡോളറിന്റെ ബഹാ മാർ റിസോർട്ടിന്റെ വികസനത്തിന് മേൽനോട്ടം വഹിച്ചു. നിലവിൽ ദി റെഡ് സീ, അമാല പദ്ധതികൾക്ക് നേതൃത്വം നൽകിവരികയാണ്. 2022-ൽ റെഡ് സീ ഡെവലപ്മെന്റ് കമ്പനിയും അമാലയും റെഡ് സീ ഗ്ലോബലിനു കീഴിൽ ലയിച്ചതിനെത്തുടർന്നാണിത്. 2024-ൽ ഫോർബ്സ് മിഡിൽ ഈസ്റ്റിന്റെ 'ട്രാവൽ ആൻഡ് ടൂറിസം ലീഡേഴ്സ്' പട്ടികയിൽ പഗാനോ ഇടം നേടി. സൗദിയുടെ വളർന്നുവരുന്ന ആഡംബര ടൂറിസം മേഖലയെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച നിർണായക പങ്ക് കണക്കിലെടുത്തായിരുന്നിത്.

TAGS :

Next Story