സൗദിക്ക് പ്രതിരോധം തീർക്കാൻ ബ്രിട്ടനും; വ്യോമാക്രമണം തടയാൻ ടൈഫൂൺ യുദ്ധവിമാനങ്ങൾ വിന്യസിക്കും
പ്രധാന നഗരങ്ങളെയും നിർണായക കേന്ദ്രങ്ങളെയും സംരക്ഷിക്കുകയാണ് ലക്ഷ്യം

- Updated:
2026-10-20 14:18:59

ലണ്ടൻ: ഹൂതികളിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ സൗദിക്ക് പ്രതിരോധം തീർക്കാൻ ബ്രിട്ടൻ. ഇതിനായി റോയൽ എയർഫോഴ്സിന്റെ അത്യാധുനിക ടൈഫൂൺ യുദ്ധവിമാനങ്ങൾ വിന്യസിക്കും.സൗദിയിലെ പ്രധാന നഗരങ്ങളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങൾ തടയുകയാണ് ലക്ഷ്യം. പ്രതിരോധ ദൗത്യങ്ങൾ മാത്രമായിരിക്കും ഈ വിമാനങ്ങൾ നിർവഹിക്കുകയെന്ന് യുകെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഹൂതികൾക്കെതിരെ നേരിട്ട് ആക്രമണം നടത്തില്ല. രാജ്യത്തിന്റെ വ്യോമാതിർത്തി സംരക്ഷിക്കുക മാത്രമാണ് പ്രധാന ലക്ഷ്യം. ഇതിനുപുറമെ സൗദി വ്യോമസേനയുടെ വിമാനങ്ങൾക്ക് ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാനുള്ള പിന്തുണയും ബ്രിട്ടൻ വിപുലീകരിച്ചു നൽകും.
സൗദി സഖ്യസേനയുടെ പിന്തുണയുള്ള യമൻ സർക്കാരും ഹൂതികളും തമ്മിൽ ശക്തമായ പോരാട്ടം തുടരുന്നതിനിടയിലാണ് ബ്രിട്ടന്റെ നിർണായക തീരുമാനം വരുന്നത്. സമീപ ആഴ്ചകളിലായി സൗദിയിലെ എണ്ണ കേന്ദ്രങ്ങൾക്കും പ്രധാന വിമാനത്താവളത്തിനും നേരെ ഹൂതികൾ ആക്രമണം നടത്തിയിരുന്നു. സൗദിക്ക് നേരെ ഹൂതികൾ നടത്തുന്ന നീക്കങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് യുകെ പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിങ് കുറ്റപ്പെടുത്തി. മേഖലയിൽ വലിയ സംഘർഷ സാധ്യത സൃഷ്ടിക്കുന്നതാണ് റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സൗദിയിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ കൂടുതൽ കരുത്തുറ്റതാക്കാൻ ബ്രിട്ടീഷ് സൈനിക പിന്തുണയും ടൈഫൂൺ പോർവിമാനങ്ങളും അടിയന്തരമായി നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം റിയാദിനെ ലക്ഷ്യമിട്ട് ഇന്ന് ഹൂതികൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ സഖ്യസേന വിജയകരമായി തകർത്തു. സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇക്കാര്യം അറിയിച്ചത്. സൗദി സിവിൽ ഡിഫൻസ് റിയാദിൽ ദേശീയ മുൻകൂർ മുന്നറിയിപ്പ് പ്ലാറ്റ്ഫോം വഴി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് നിമിഷങ്ങൾക്കകമാണ് മിസൈൽ ആകാശത്തുവെച്ച് തന്നെ തകർത്തതായി പ്രഖ്യാപനമുണ്ടായത്. അതേസമയം സൗദി അറേബ്യ ആവശ്യപ്പെടുകയാണെങ്കിൽ സൈനിക സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ പാർലമെന്റിൽ നടക്കാനിരുന്ന വോട്ടെടുപ്പ് തുടർച്ചയായ രണ്ടാം ദിവസവും മാറ്റിവെച്ചു. ഈ വിഷയത്തിൽ ഈജിപ്ത് പാർലമെന്റ് ഒക്ടോബർ 26ന് വീണ്ടും പ്രത്യേക യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും.
Adjust Story Font
16
