Quantcast

കോവിഡ് കാലത്തെ നിയമ ലംഘനം: പിഴയൊടുക്കാന്‍ അന്തിമ നിര്‍ദ്ദേശം നല്‍കി സൗദി ആഭ്യന്തര മന്ത്രാലയം

കോവിഡ് കാലത്ത് വ്യക്തികള്‍ നടത്തിയ നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴ അടച്ചു തീര്‍ക്കാനാവശ്യപ്പെട്ട് നിരവധി പേര്‍ക്ക് മൊബൈല്‍ സന്ദേശം ലഭിച്ചു തുടങ്ങി

MediaOne Logo

Web Desk

  • Updated:

    2022-12-20 18:50:25.0

Published:

20 Dec 2022 5:39 PM GMT

കോവിഡ് കാലത്തെ നിയമ ലംഘനം: പിഴയൊടുക്കാന്‍ അന്തിമ നിര്‍ദ്ദേശം നല്‍കി സൗദി ആഭ്യന്തര മന്ത്രാലയം
X

ദമ്മാം: സൗദിയില്‍ കോവിഡ് കാലത്തെ നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴയൊടുക്കാന്‍ അന്തിമ നിര്‍ദ്ദേശം നല്‍കി ആഭ്യന്തര മന്ത്രാലയം. പതിനായിരം റിയാല്‍ വരെയുള്ള പിഴ കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ ആവശ്യപ്പെട്ടാണ് സന്ദേശം നല്‍കുന്നത്. പതിനഞ്ച് ദിവസത്തിനകം കുടിശ്ശിക തീര്‍ക്കാത്തവര്‍ക്കെതിരെ തുടര്‍കേസ് നടപടികള്‍ ആരംഭിക്കുമെന്നും മുന്നറിയിപ്പ്.

കോവിഡ് കാലത്ത് വ്യക്തികള്‍ നടത്തിയ നിയമ ലംഘനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം ചുമത്തിയ പിഴ അടച്ചു തീര്‍ക്കാനാവശ്യപ്പെട്ട് നിരവധി പേര്‍ക്ക് മൊബൈല്‍ സന്ദേശം ലഭിച്ചു തുടങ്ങി. പതിനായിരം റിയാല്‍ വരെയുള്ള പിഴ കുടിശ്ശിക അടക്കുന്നതിനാണ് നിര്‍ദ്ദേശം. നാഷണല്‍ വയലേഷന്‍സ് പ്ലാറ്റ്‌ഫോം( ഈഫ) ആണ് സന്ദേശം അയക്കുന്നത്. സന്ദേശം ലഭിച്ച് പതിനഞ്ച് ദിവസത്തിനകം കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ കേസ് നടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്കാണ് സന്ദേശം എത്തിയത്.

തുടക്കത്തില്‍ പിഴ ഒഴിവാക്കുന്നതിന് അപ്പീല്‍ ഉള്‍പ്പെടെ സമര്‍പ്പിച്ചവര്‍ക്കും സന്ദേശം ലഭിച്ചിട്ടുണ്ട്. പതിനായിരം റിയാല്‍ ഏകദേശം രണ്ട് ലക്ഷത്തിലധികം രൂപ രണ്ടാഴ്ചക്കകം എങ്ങിനെ അടച്ചു തീര്‍ക്കുമെന്ന ആശങ്കയിലാണ് പലരും. കോവിഡ് കാലത്ത് മാസ്‌ക് ധരിക്കാതിരിക്കുക, അനുമതിയില്ലാതെ പുറത്തിറങ്ങല്‍, സാമൂഹിക അകലം പാലിക്കാതിരിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് പിഴ ചുമത്തപ്പെട്ടത്. കോവിഡിന് ശേഷം പിഴ നടപടികള്‍ ഒഴിവാക്കി നല്‍കുമെന്ന പ്രതീക്ഷയില്‍ കഴിയവേയാണ് പലര്‍ക്കും മുന്നറിയിപ്പ് സന്ദേശം എത്തിയത്.

TAGS :

Next Story