Quantcast

ഗൾഫ് കപ്പിൽ സൗദിക്ക് വിജയത്തുടക്കം; ഉദ്ഘാടന മത്സരത്തിൽ കുവൈത്തിനെ വീഴ്ത്തി

മറ്റൊരു മത്സരത്തിൽ ഒമാനും ഇറാഖും സമനിലയിൽ പിരിഞ്ഞു

MediaOne Logo

Gulf Desk

  • Published:

    24 Sept 2026 3:56 PM IST

ഗൾഫ് കപ്പിൽ സൗദിക്ക് വിജയത്തുടക്കം; ഉദ്ഘാടന മത്സരത്തിൽ കുവൈത്തിനെ വീഴ്ത്തി
X

ജിദ്ദ: ഗൾഫ് കപ്പ് ടൂർണമെന്റിൽ സൗദിക്ക് ജയത്തോടെ തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സൗദി കുവൈത്തിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ മൂന്ന് പോയിന്റുമായി സൗദി ഗ്രൂപ്പിൽ ഒന്നാമതെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഒമാനും ഇറാഖും 1-1 എന്ന സ്‌കോറിൽ സമനിലയിൽ പിരിഞ്ഞതോടെ ഇരുടീമുകൾക്കും ഓരോ പോയിന്റ് ലഭിച്ചു. പോയിന്റൊന്നുമില്ലാത്ത കുവൈത്താണ് നിലവിൽ ഗ്രൂപ്പ് പട്ടികയിൽ ഏറ്റവും പിന്നിൽ.

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച സൗദിയാണ് മൈതാനത്ത് ആധിപത്യം പുലർത്തിയത്. പന്ത്രണ്ടാം മിനിറ്റിൽ മുതിബ് അൽ ഹർബി പെനാൽറ്റി ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത തകർപ്പൻ ഷോട്ട് കുവൈത്ത് ഗോൾകീപ്പർ കോർണർ വഴങ്ങി രക്ഷപ്പെടുത്തി. 37-ാം മിനിറ്റിൽ സാലിഹ് അബു അൽ ഷാമത് കുവൈത്ത് വല കുലുക്കിയെങ്കിലും, മുഹമ്മദ് കന്നോയുടെ ഫൗളിനെ തുടർന്ന് റഫറി ഗോൾ നിഷേധിച്ചു. 40-ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ നിന്ന് മുഹമ്മദ് ദഹാം തൊടുത്ത ശക്തമായ ഷോട്ടിലൂടെ കുവൈത്ത് തിരിച്ചടിച്ചെങ്കിലും, മികച്ച സേവുമായി സൗദി ഗോൾകീപ്പർ നവാഫ് അൽ അഖീദി വല കാത്തു.

രണ്ടാം പകുതിയിലും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെച്ചു. 50-ാം മിനിറ്റിൽ സൗദി താരം ഹമ്മാം അൽ ഹമ്മാമിയുടെ മികച്ചൊരു ഹെഡർ കുവൈത്ത് ഗോളി വീണ്ടും തട്ടിയകറ്റി. മത്സരത്തിന്റെ 73-ാം മിനിറ്റിലാണ് സൗദിയുടെ വിജയഗോൾ പിറന്നത്. കുവൈത്ത് പ്രതിരോധ താരത്തെ കബളിപ്പിച്ച് ഹമ്മാം അൽ ഹമ്മാമി തൊടുത്ത ഷോട്ട് പ്രതിരോധ താരം യൂസഫ് അൽ ഹഖാന്റെ ദേഹത്ത് തട്ടി സ്വന്തം വലയിലേക്ക് കയറുകയായിരുന്നു. തുടർന്ന് പരിക്കേറ്റ ഗോൾകീപ്പർ നവാഫ് അൽ അഖീദിക്ക് പകരം മുഹമ്മദ് അൽ ഉവൈസിനെയും, അലാ അൽ ഹജ്ജി, ഫിറാസ് അൽ ബുറൈക്കാൻ എന്നിവരെയും പരിശീലകൻ ഡോണിസ് കളത്തിലിറക്കി ലീഡ് നിലനിർത്തി വിജയം ഉറപ്പിച്ചു.

TAGS :

Next Story