സൗദിയിൽ നാളെ മുതൽ ശീതകാലത്തിന് തുടക്കമാകും
വിവിധ ഇടങ്ങളിൽ മഴ കനക്കും

റിയാദ്: സൗദിയിൽ നാളെ മുതൽ ഔദ്യോഗികമായി ശീതകാലത്തിന് തുടക്കമാകും. സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് അറിയിപ്പ്. വരും ദിവസങ്ങളിൽ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ മഴ കനക്കുമെന്നും മുന്നറിയിപ്പിലുണ്ട്. ആരോഗ്യ പ്രയാസം തടയാൻ പ്രതിരോധ കുത്തിവെപ്പെടുക്കാനും നിർദേശമുണ്ട്.
നിലവിൽ രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ താപനിലകൾ കുറഞ്ഞ സ്ഥിതിയാണുള്ളത്. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മക്ക, മദീന, ഹാഇൽ എന്നിവിടങ്ങളിലെ നിലവിലെ മഴ ശക്തമാവാനും സാധ്യതയുണ്ട്.
ജീസാൻ, അസീർ, അൽബാഹ തുടങ്ങിയ പ്രദേശങ്ങളിൽ മഴക്കൊപ്പം ഇടിയും, ആലിപ്പഴ വർഷവുമെത്തും. ശക്തമായ കാറ്റ്, മൂടൽമഞ്ഞ് എന്നിവയും ഇവിടങ്ങളിൽ പ്രതീക്ഷിക്കാം. മക്ക,മദീന,ഹായിൽ,തബൂക്ക്, അൽ ജൗഫ് പ്രദേശങ്ങളിൽ പൊടിക്കാറ്റിനുള്ള സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ പ്രത്യേക ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും നിർദേശത്തിലുണ്ട്. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികളടക്കമുള്ള ആളുകൾ മാസ്ക് ധരിക്കാനും, പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. മഴ കനക്കുന്നതോടു കൂടി റിയാദിലടക്കം വരും ദിവസങ്ങളിൽ തണുപ്പേറും.
Adjust Story Font
16

