2027ൽ 7.9% വളർച്ച; സൗദി സമ്പദ്വ്യവസ്ഥ തിരിച്ചുകയറുമെന്ന് ലോകബാങ്ക് പ്രവചനം
ഏപ്രിലിലെ വളർച്ചാ പ്രവചനത്തേക്കാൾ 3% പോയിന്റ് വർധന

റിയാദ്: 2027-ൽ സൗദി സമ്പദ്വ്യവസ്ഥ 7.9 ശതമാനം വളർച്ച കൈവരിക്കുമെന്ന് ലോകബാങ്ക് പ്രവചനം. ഏപ്രിലിൽ നടത്തിയ 4.9 ശതമാനം വളർച്ചാ പ്രവചനത്തേക്കാൾ ഏകദേശം 3 ശതമാനം പോയിന്റ് വർധനയാണ് പുതിയ കണക്കിലുള്ളത്. അതേസമയം, 2026-ലെ സൗദി സമ്പദ്വ്യവസ്ഥയുടെ പ്രവചനം ബാങ്ക് കുറച്ചു. ഏപ്രിലിൽ 3.1 ശതമാനം വളർച്ചയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിൽ, ഇപ്പോൾ ജിഡിപിയിൽ (real GDP) 2 ശതമാനം ഇടിവാണ് പ്രവചിക്കുന്നത്. 5.1 ശതമാനം പോയിന്റിന്റെ വ്യത്യാസമാണുള്ളത്.
'ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ' സൗദിക്ക് ഗുണകരമായതായാണ് മധ്യേഷ്യ, വടക്കേ ആഫ്രിക്ക, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നിവയുടെ സാമ്പത്തിക സ്ഥിതിവിവര റിപ്പോർട്ട് പറയുന്നത്. ചെങ്കടൽ തീരത്തെ യാമ്പു തുറമുഖത്തേക്ക് കയറ്റുമതി തിരിച്ചുവിടാൻ ഈ പൈപ്പ്ലൈനാണ് രാജ്യത്തെ സഹായിച്ചത്.
അതേസമയം, യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ പ്രധാനമായും ഗൾഫ് സമ്പദ്വ്യവസ്ഥകളെയാണ് ബാധിച്ചിരിക്കുന്നതെന്ന് ബാങ്ക് നിരീക്ഷിച്ചു. 2026-ൽ ജിസിസി രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (GDP) 4.3 ശതമാനം ഇടിവുണ്ടാകുമെന്ന് ബാങ്ക് പ്രവചിക്കുന്നു. ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്നുണ്ടായ എണ്ണയും വാതകവും ഉൾപ്പെടുന്ന ഹൈഡ്രോകാർബൺ ഉൽപ്പാദനത്തിലെയും കയറ്റുമതിയിലെയും ഇടിവും വിനോദസഞ്ചാര, ലോജിസ്റ്റിക്‌സ്, വ്യോമയാന മേഖലകളിലുണ്ടാകുന്ന പ്രത്യാഘാതങ്ങളുമാണ് കാരണം.
2027-ൽ സൗദിക്ക് 7.9 ശതമാനം വളർച്ചയാണ് ലോകബാങ്ക് പ്രവചിക്കുന്നത്, എന്നാൽ സൗദി ധനകാര്യ മന്ത്രാലയം ബജറ്റ് പ്രസ്താവനയിൽ 12.8 ശതമാനം ജിഡിപി വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
Adjust Story Font
16

