സൗദിയിൽ ട്രക്കിന് തീപിടിച്ച സംഭവത്തിൽ യുവാവിന് ആദരം
അപകടം ഒഴിവാക്കാൻ കാണിച്ച ധൈര്യത്തിനാണ് അംഗീകാരം

റിയാദ്: കത്തിക്കൊണ്ടിരുന്ന ട്രക്ക് പെട്രോൾ പമ്പിനടുത്ത് നിന്നും ഓടിച്ചു മാറ്റി വലിയ അപകടം ഒഴിവാക്കിയ സൗദി യുവാവിന് പത്തു ലക്ഷം റിയാൽ സമ്മാനം. കഴിഞ്ഞ ദിവസം സൗദിയിലെ റിയാദിലാണ് പെട്രോൾ പമ്പിന് സമീപം വാഹനം കത്തിയത്. അതി സാഹസികമായാണ് യുവാവ് ഇടപ്പെട്ട് വൻ ദുരന്തം ഒഴിവാക്കിയത്.
റിയാദിൽ നിന്നും 300 മീറ്റർ അകലെയുള്ള പെട്രോൾ പമ്പിലായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച ട്രക്കിന് തീ പിടിച്ചത്. അപകടത്തിൽ പെട്ടത് മൃഗങ്ങൾക്കുള്ള ഭക്ഷണം കൊണ്ടുപോകുന്ന ട്രക്ക് ആയിരുന്നു. മാഹർ ഫഹദ് അൽ ദൽബാഹി എന്ന സൗദി പൗരനാണ് അപകട സ്ഥലത്ത് സാഹസികമായി ഇടപെട്ടത്. കത്തിക്കൊണ്ടിരിക്കുന്ന വാഹനത്തിലേക്ക് ചാടിക്കയറുകയും, വാഹനം ഓടിച്ച് പെട്രോൾ പമ്പിൽ നിന്ന് ദൂരേക്ക് മാറ്റുകയുമായിരുന്നു. ഇതിനിടെ മുഖത്തും, കൈ കാലുകളിലും പൊള്ളലേറ്റിരുന്നു.
ജീവൻ രക്ഷിക്കാൻ കാണിച്ച ഇദ്ദേഹത്തിന്റെ ധീരതയെ കിരീടാവകാശി അഭിനന്ദിച്ചു. പത്തു ലക്ഷം റിയാലും, രാജ്യത്തെ പ്രധാന അംഗീകാരമായി അബ്ദുൽ അസീസ് മെഡലും ഇദ്ദേഹത്തിന് സമർപ്പിക്കും. ആദരം അഭിമാനം നൽകുന്നുതാണെന്ന് ഫഹദിന്റെ കുടുംബം പ്രതികരിച്ചു. പൊള്ളലേറ്റ മാഹർ ഫഹദ് അൽ ദൽബാഹി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Adjust Story Font
16

