Quantcast

സൗദി-ചൈന ടൂറിസം കരാറിൽ ഒപ്പുവെച്ചു; ചൈനീസ് പൗരന്മാർക്ക് ഇ-വിസ അനുവദിക്കും

ചൈനീസ് വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് കരാറിൻ്റെ പ്രധാന ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    29 Sep 2023 6:19 PM GMT

സൗദി-ചൈന ടൂറിസം കരാറിൽ ഒപ്പുവെച്ചു; ചൈനീസ് പൗരന്മാർക്ക് ഇ-വിസ അനുവദിക്കും
X

ജിദ്ദ: സൗദിയും ചൈനയും തമ്മിൽ ടൂറിസം കരാറിൽ ഒപ്പുവെച്ചു. 2030 ഓടെ പ്രതിവർഷം 30 ലക്ഷം ചൈനീസ് വിനോദ സഞ്ചാരികളെ സൗദിയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് ടൂറിസം മേഖലയിൽ നടപ്പിലാക്കി വരുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് പുതിയ കരാർ.

ചൈനീസ് വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് കരാറിൻ്റെ പ്രധാന ലക്ഷ്യം. സൗദി ടൂറിസം മന്ത്രാലയത്തിന് വേണ്ടി ചൈനയിലെ സൗദി അംബാസഡർ അബ്ദുറഹ്മാൻ ബിൻ അഹ്മദ് അൽ ഹർബിയും, ചൈനീസ് സാംസ്കാരിക, ടൂറിസം ഡെപ്യൂട്ടി മന്ത്രി ഡു ജിയാങ്ങുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇതോടെ ചൈനീസ് പൌരന്മാർക്ക് ടൂറിസ്റ്റ് വിസയിൽ സൗദിയിലേക്ക് വരാൻ വഴിയൊരുങ്ങും. ഇ-വിസ ലഭിക്കാൻ യോഗ്യതയുള്ള 57 രാജ്യങ്ങളിൽ ഒന്നായി ചൈനയെ ഉൾപ്പെടുത്തുകയും ചെയ്തു.

മറ്റൊരു രാജ്യത്തേക്കുള്ള യാത്രാമധ്യേ സൗദിയിൽ ഇറങ്ങാനും 96 മണിക്കൂർവരെ തങ്ങാനും അനുവദിക്കുന്ന ട്രാൻസിറ്റ് വിസകളും ചൈനീസ് പൗരന്മാർക്ക് ഇനി മുതൽ അനുവദിക്കും. ടൂറിസ്റ്റുകളെ സഹായിക്കാനുള്ള 'സ്പിരിറ്റ് ഓഫ് സൗദി അറേബ്യ' എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെ ഭാഷകളുടെ പട്ടികയിലും ചൈനീസ് ഭാഷയെ ഉൾപ്പെടുത്തി. ചൈനീസ് ടൂറിസ്റ്റുകൾക്ക് അനുയോജ്യമായ ഇലക്ട്രോണിക് പേമെന്‍റ് സംവിധാനങ്ങളും രാജ്യത്ത് ഒരുക്കും. 2030ഓടെ പ്രതിവർഷം 30 ലക്ഷം ചൈനീസ് വിനോദസഞ്ചാരികൾ സൗദിയിലേക്കെത്തുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നും വിനോദ സഞ്ചാരികളെ സൗദിയിലേക്കാകർഷിക്കുന്നതിനായി നിരവധി പദ്ധതികളാണ് സൗദി നടപ്പിലാക്കി വരുന്നത്.

TAGS :

Next Story