യു.എ.ഇയിൽ സ്വകാര്യമേഖലക്കും മൂന്ന് ദിവസം പെരുന്നാൾ അവധി
മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ 5 ദിവസം അവധി നീണ്ടേക്കാം

ദുബൈ: യു.എ.ഇയിൽ സ്വകാര്യമേഖലക്കും മൂന്ന് ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ ഒന്ന് വരെയാണ് ശമ്പളത്തോടെയുള്ള അവധി ലഭിക്കുക. എന്നാൽ, മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ നോമ്പ് 30 പൂർത്തിയാക്കി മാർച്ച് 31 നാണ് പെരുന്നാൾ കടന്നുവരുന്നതെങ്കിൽ ഏപ്രിൽ രണ്ട് വരെ അവധി നീളുമെന്ന് യു.എ.ഇ തൊഴിൽമന്ത്രാലയം അറിയിച്ചു.
നേരത്തേ, സർക്കാർ മേഖലക്കും സമാനമായ പെരുന്നാൾ അവധി പ്രഖ്യാപിച്ചിരുന്നു. മാർച്ച് ഒന്നിനാണ് യു.എ.ഇയിൽ റമദാൻ വ്രതം ആരംഭിച്ചത്. മാർച്ച് 29 ന് മാസപ്പിറവി ദൃശ്യമായാൽ മാർച്ച് 30 ഞായറാഴ്ചയാകും പെരുന്നാൾദിനമായ ശവ്വാൽ ഒന്ന്. അതോടെ മാർച്ച് 30, 31 തിയതികളും ഏപ്രിൽ ഒന്നും യു.എ.ഇയിലെ സ്ഥാപനങ്ങൾക്ക് അവധിയാകും എന്നാൽ, മാർച്ച് 30 ന് മുപ്പത് നോമ്പും പൂർത്തിയാക്കിയാണ് പെരുന്നാൾ വരുന്നതെങ്കിൽ, മാർച്ച് 31, ഏപ്രിൽ ഒന്ന്, രണ്ട് എന്നീ ദിവസങ്ങളിലാകും അവധി ലഭിക്കുക.
റമദാൻ 29 ന് മാസപ്പിറവി ദൃശ്യമായാൽ യു.എ.ഇയിലെ വാരാന്ത്യ അവധി ദിവസമായ ഞായറാഴ്ചയാകും പെരുന്നാളിന്റെ ആദ്യഅവധി. എന്നാൽ, മാർച്ച് 30 പിന്നിട്ടാണ് പെരുന്നാൾദിനം കടന്നുവരുന്നതെങ്കിൽ ശനി, ഞായർ രണ്ട് വാരാന്ത്യഅവധിയുള്ള സ്ഥാപനങ്ങൾക്ക് അഞ്ചുദിവസം തുടർച്ചയായി അവധി ലഭിക്കും. ഷാർജയിൽ വെള്ളികൂടി വാരാന്ത്യഅവധിയായതിനാൽ ചില സ്ഥാപനങ്ങൾക്ക് ആറ് ദിവസം അവധി ലഭിക്കാൻ സാധ്യതയുണ്ട്.
Adjust Story Font
16

