ദുബൈയിൽ സുപ്രധാന നഗരവികസന പദ്ധതിയുടെ 70% പൂർത്തിയായി
നഗരത്തിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നതാണ് പദ്ധതി

ദുബൈ: ദുബൈയിലെ പ്രധാന നഗരവികസന പദ്ധതിയായ ഉം സുഖീം പ്രോജക്ടിന്റെ എഴുപത് ശതമാനവും പൂർത്തീകരിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി. ഉം സുഖീം - അൽ ഖുദ്റ ഇടനാഴി പദ്ധതിയുടെ ഭാഗമാണിത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നതാണ് പദ്ധതി.
അൽ ഖൈൽ റോഡ് കവല മുതൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വരെ നീളുന്നതാണ് ഉം സുഖീം നഗരവികസന പദ്ധതി. ജുമൈറ സ്ട്രീറ്റിനെ എമിറേറ്റ്സ് റോഡുമായി ബന്ധിപ്പിക്കുന്ന പതിനാറു കിലോമീറ്റർ ദൈർഘ്യമുള്ള ബൃഹദ് മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റി ഈ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത്. ദുബൈയിലെ പ്രധാനപ്പെട്ട താമസ, വ്യാവസായിക ഇടങ്ങളിലൂടെയാണ് ഇടനാഴി കടന്നു പോകുന്നത്. പത്തു ലക്ഷം പേർക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രണ്ട് ദിശയിലേക്കുമുള്ള എണ്ണൂറു മീറ്റർ തുരങ്കപാത അടക്കമുള്ളവയുടെ നിർമാണമാണ് നിലവിൽ പുരോഗമിക്കുന്നത്. 4.6 കിലോമീറ്റർ ദൈർഘ്യമാണ് പദ്ധതിയുടെ ഈ ഘട്ടത്തിലുള്ളത്. നിർമാണം പൂർത്തിയായാൽ ശൈഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നീ നാല് പ്രധാന റോഡുകളെ ഇടനാഴി ബന്ധിപ്പിക്കും. ഇരുദിശകളിലേക്കുമായി മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് സഞ്ചരിക്കാനുമാകും.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള യാത്രാ സമയം അറുപത്തിയൊന്ന് ശതമാനം കുറയും. നേരത്തെ, 9.7 മിനിറ്റ് എടുത്തിരുന്ന യാത്ര 3.8 മിനിറ്റു കൊണ്ട് സാധ്യമാകും എന്നാണ് റോഡ് ഗതാഗത അതോറിറ്റി പറയുന്നത്.
Adjust Story Font
16

