Quantcast

ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥൻ യു.എ.ഇയിൽ; ശൈഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി

സൗദിക്ക് പിറകെ ഇറാൻ ബന്ധം മെച്ചപ്പെടുത്താൻ യു.എ.ഇ

MediaOne Logo

Web Desk

  • Updated:

    2023-03-16 18:49:47.0

Published:

16 March 2023 6:02 PM GMT

A senior Iranian official met with Sheikh Mohammed bin Zayed in the UAE
X

A senior Iranian official met with Sheikh Mohammed bin Zayed 

ഉഭയകക്ഷി സഹകരണം വിപുലപ്പെടുത്താൻ ഇറാൻ, യു.എ.ഇ ധാരണ. ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ സെക്രട്ടറി അലി ശംഖാനി അബൂദബിയിലെത്തി യുഎ.ഇ നേതാക്കളുമായി ചർച്ച നടത്തി. സൗദി അറേബ്യക്കു പിന്നാലെ എല്ലാ ഗൾഫ് രാജ്യങ്ങളുമായും അടുത്ത ബന്ധം രൂപപ്പെടുത്താനാണ് ഇറാൻ തീരുമാനം. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനുമായി അലി ശംകാനി ചർച്ച നടത്തി. അൽ ശാത്വി കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു വിഭാഗങ്ങൾക്കും ആശങ്കയുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ, മേഖലയിൽ സമാധാനവും സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം തുടങ്ങിയവ ചർച്ചയായി. നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ സൗദിയും ഇറാനും ചൈനയിൽ നടന്ന ചർച്ചയിൽ തീരുമാനിച്ച് ദിവസങ്ങൾക്കകം നടന്ന ചർച്ച വളരെ പ്രധാന്യത്തോടെയാണ് ലോകം വിലയിരുത്തുന്നത്.

കൂടിക്കാഴ്ചയിൽ യു.എ.ഇ ഭാഗത്തുനിന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്‌നൂൻ ബിൻ സായിദ്, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് എന്നിവരും പങ്കെടുത്തു. നേരത്തെ ശൈഖ് തഹ്‌നൂൻ, ഷംഖാനി കൂടിക്കാഴ്ചയിൽ രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു.

2016ൽ സൗദി ഇറാനുമായുള്ള സഹകരണം വിച്ഛേദിച്ചതിന് പിന്നാലെയാണ് യു.എ.ഇ-ഇറാൻ ബന്ധത്തിലും വിള്ളൽ വീണത്. എന്നാൽ 2021ൽ ശൈഖ് തഹ്‌നൂൻ ഇറാൻ സന്ദർശിക്കുകയും പ്രസിഡൻറ് ഇബ്രാഹീം റഈസിയുമാലും ശംഖാനിയുമായും ചർച്ച നടത്തുകയും ചെയ്തിരുന്നു. പിന്നീട് ഈ വർഷം ജനുവരിയിൽ ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക സഹകരണം സംബന്ധിച്ച് ഇറാൻ പ്രതിനിധി സംഘം അബുദാബിയിലെത്തി ചർച്ച നടത്തി.


A senior Iranian official met with Sheikh Mohammed bin Zayed in the UAE

TAGS :

Next Story