ട്യൂഷൻ ഫീ പത്തു തവണയായി അടയ്ക്കാം, പുതിയ നയം പ്രഖ്യാപിച്ച് അബൂദബി
സ്കൂൾ ഫീയുമായി ബന്ധപ്പെട്ട് വ്യക്തവും സുതാര്യവുമായ ചട്ടക്കൂട് ലക്ഷ്യമിട്ടാണ് അധികൃതർ പുതിയ നയം പ്രഖ്യാപിച്ചത്

അബൂദബി: അടുത്ത അധ്യയന വർഷം മുതൽ എല്ലാ സ്വകാര്യ സ്കൂളുകളും പുതിയ ട്യൂഷൻ ഫീ നയം പാലിക്കണമെന്ന് അബൂദബി വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ ഫീയുമായി ബന്ധപ്പെട്ട് വ്യക്തവും സുതാര്യവുമായ ചട്ടക്കൂട് ലക്ഷ്യമിട്ടാണ് അധികൃതർ പുതിയ നയം പ്രഖ്യാപിച്ചത്. പുതിയ നയം എല്ലാ സ്കൂളുകൾക്കും വിതരണം ചെയ്തിട്ടുണ്ട്.
രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനാണ് അബൂദബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പ് അഥവാ അഡെക് ട്യൂഷൻ ഫീ നയം പരിഷ്കരിച്ചത്. ഇതുപ്രകാരം 2025-26 അധ്യയന വർഷം മുതൽ ട്യൂഷൻ ഫീ പത്തു തവണകളായി അടയ്ക്കാം. അഡെക് അംഗീകരിച്ച ഫീസ് ഘടന സ്കൂൾ വെബ്സൈറ്റിൽ പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്. ട്യൂഷൻ പേയ്മെന്റുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി സ്കൂൾ അധികൃതകർക്ക് കരാർ ഒപ്പിടാം. ഒരു അക്കാദമിക വർഷം മൂന്ന് മുതൽ പത്തു വരെ ഇൻസ്റ്റാൾമെന്റുകളായി ട്യൂഷൻ ഫീ അടയ്ക്കാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
നിലവിലുള്ള വിദ്യാർഥികളിൽ നിന്ന് ട്യൂഷൻ ഫീയുടെ അഞ്ചു ശതമാനം റീ രജിസ്ട്രേഷൻ ചാർജായി ഈടാക്കാൻ നയം അനുമതി നൽകുന്നു. പുതിയ വർഷം തുടങ്ങുന്നതിന് നാലു മാസം മുമ്പു തന്നെ ഇതു വാങ്ങാം. എന്നാൽ വിദ്യാർഥിയുടെ അവസാനത്തെ ട്യൂഷൻ ഫീയിൽ റീ രജിസ്ട്രേഷൻ തുക നിർബന്ധമായും കുറയ്ക്കണം. ട്യൂഷൻ ഫീക്ക് പകരമായി രക്ഷിതാക്കളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഗ്യാരണ്ടി ആവശ്യപ്പെടരുതെന്നും അധികൃതർ നിർദേശിച്ചു.
ഫീ കുടിശ്ശികയുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർ വ്യക്തമായ നയം ആവിഷ്കരിക്കണം. വീഴ്ച വന്നാൽ രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും അവകാശങ്ങൾ സംരക്ഷിച്ചു മാത്രമേ വിഷയം കൈകാര്യം ചെയ്യാവൂ. കുടിശ്ശിക വന്ന വിദ്യാർഥിയുടെ വിവരങ്ങൾ സ്കൂൾ രഹസ്യമാക്കി വയ്ക്കണം. കുട്ടികളോട് നേരിട്ട് ഇതേക്കുറിച്ച് ചോദിക്കുന്നതിൽ കർശന വിലക്കുണ്ട്. ഫീ അടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർഥിയെ പരീക്ഷയ്ക്കിരുത്താത്ത സാഹചര്യം ഉണ്ടാകരുതെന്നും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു.
Adjust Story Font
16

