നവജാതശിശുക്കളിൽ ജനിതക പരിശോധന നടത്തുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് അബൂദബി
ജനിതക വൈകല്യങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കാൻ ലക്ഷ്യമിട്ടാണ് പരിശോധന
അബൂദബി: അബൂദബിയിൽ നവജാതശിശുക്കളിൽ ജനിതക പരിശോധന നടത്തുന്ന പദ്ധതിക്ക് തുടക്കമായി. ജനിതക വൈകല്യങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കാൻ ലക്ഷ്യമിട്ടാണ് ഈ പരിശോധന.
ആദ്യഘട്ടത്തിൽ കാനാഡ് ആശുപത്രിയിലും, ദാനത്ത് അല്‍ ഇമാറാത്ത് ആശുപത്രിയിലുമാണ് നവജാത ശിശുക്കളിൽ ജനിതക പരിശോധന നടത്തുക. അടുത്തഘട്ടത്തിൽ അബൂദബിയിലെ മുഴുവൻ മെറ്റേണിറ്റി ആശുപത്രിയിലും പരിശോധന ആരംഭിക്കും. യു.എ.ഇ പൗരൻമാരുടെ കുടുംബത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളിലാണ് പരിശോധന നടത്തുന്നത്. പൊക്കിൾകൊടിയിൽ നിന്ന് കോർഡ് ബ്ലഡ് സാമ്പിൾ ശേഖരിച്ചാണ് ജനിതക പരിശോധന നടത്തുക. പദ്ധതിയുടെ തുടക്കത്തിൽ, സന്നദ്ധത അറിയിക്കുന്ന മാതാപിതാക്കളുടെ കുഞ്ഞുങ്ങളിൽ മാത്രമായിരുന്നു പരിശോധന നടത്തിയിരുന്നത്.
എസ്.എം.എ, മെറ്റാബോളിക് ഡിസോര്‍ഡർ, രക്തവൈകല്യങ്ങള്‍, പോലുള്ള അപൂര്‍വ രോഗങ്ങള്‍ എന്നിവ മാത്രമല്ല, ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന 815ലേറെ ജനിതക പ്രശ്നങ്ങൾ ഇതിലൂടെ തിരിച്ചറിയാൻ കഴിയും. 21 ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കും. രോഗം തിരിച്ചറിഞ്ഞാൽ മാതാപിതാക്കളിൽ ബോധവൽകരണം നടത്തി തുടർനടപടികൾക്കായി കുഞ്ഞുങ്ങളെ വിദഗ്ധരുടെ അരികിലേക്ക് മാറ്റും.
Adjust Story Font
16

