കിൻഡർഗാർട്ടനിൽ അറബി പഠനം നിർബന്ധമാക്കി അബൂദബി
പഠനത്തിനായി ഇന്ററാക്ടീവ് ക്ലാസ് മുറികൾ

അബൂദബി: കിൻഡർഗാർട്ടൻ കരിക്കുലത്തിൽ അറബി ഭാഷാപഠനം നിർബന്ധമാക്കി അബൂദബി. വിദ്യാർഥികളിൽ മാതൃഭാഷയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനാണ് പുതിയ നയം അവതരിപ്പിച്ചത്. പഠനത്തിനായി ഇന്ററാക്ടീവ് ക്ലാസ് മുറികൾ ഒരുക്കും.
നഴ്‌സറി, കെ.ജി ക്ലാസുകളിൽ ആഴ്ചയിൽ നാലു മണിക്കൂർ അറബി പഠനത്തിനായി മാറ്റിവയ്ക്കണമെന്നാണ് വിദ്യാഭ്യാസ അതോറിറ്റിയായ അബൂദബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പിന്റെ (അഡെക്) നിർദേശം. ചെറുപ്രായത്തിൽ തന്നെ മാതൃഭാഷയിൽ ശക്തമായ അടിത്തറയുണ്ടാക്കുക, സാംസ്‌കാരിക-ഭാഷാ വൈദഗ്ധ്യം വളർത്തുകയെന്നതാണ് നയത്തിന്റെ ലക്ഷ്യം.
ഈ വർഷം ആഴ്ചയിൽ 240 മിനിറ്റാണ് അറബിക്കായി നീക്കിവയ്ക്കുന്നത്. 2026-27 അക്കാദമിക വർഷത്തിൽ ഇത് മുന്നൂറാക്കി വർധിപ്പിക്കും. പാട്ടുകൾ, കഥകൾ തുടങ്ങിയവ ഉപയോഗിച്ചാകും പഠനം. ഇന്ററാക്ടീവ് ക്ലാസ് മുറികളിൽ നവീന പഠനോപകരണങ്ങളും ലഭ്യമാക്കും.
പാഠ്യപദ്ധതിയിലേക്ക് അറബിയെ ഉൾക്കൊള്ളിക്കുക മാത്രമല്ല വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യമെന്ന് ഏർളി എജുക്കേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ മർയം അൽ ഹല്ലാമി പറഞ്ഞു. അബൂദബിയിലെ ഓരോ കുട്ടിക്കും ഭാഷയുടെയും അസ്തിത്വത്തിന്റെയും സമ്മാനം പഠനത്തിന്റെ ആദ്യദിനം മുതൽ തന്നെ നൽകുകയാണ്. എല്ലാ ക്ലാസ് മുറിയിലും, എല്ലാ വീടിലും അറബി സ്വാഭാവികമായ മാധ്യമമായി മാറണം- അവർ കൂട്ടിച്ചേർത്തു.
Adjust Story Font
16

