അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നു
രണ്ടു വർഷത്തിനകം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും
ദുബൈ: യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കാൻ ഒരുങ്ങുന്നു. രണ്ടു വർഷത്തിനകം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അബൂദബി എയർപോർട്സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവുമായ എലീന സോർലിനി പറഞ്ഞു. നിലവിൽ 4.5 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ‘ടെർമിനൽ എ’ 6.5 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലേക്ക് വികസിപ്പിക്കും. വിമാനത്താവളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേയ്സും സൗകര്യങ്ങൾ വിപുലീകരിക്കാൻ ലക്ഷ്യമിടുന്നുണ്ട്.
അതേസമയം, ക്യൂ സമയം കുറക്കുന്നതിനായി ട്രാൻസിറ്റ് യാത്രക്കാർക്കാരുടെ ബയോമെട്രിക്സ് ഡാറ്റ ശേഖരിക്കുമെന്നും എയർപോർട്ട് പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് നിർമിതബുദ്ധി ഉപയോഗിക്കുമെന്നും എലീന സോർലിനി വ്യക്തമാക്കി. 2032ഓടെ പുതിയ വിപുലീകരണം പൂർത്തിയാക്കാനാണ് അബൂദബി എയർപോർട്സ് ലക്ഷ്യമിടുന്നത്. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറമെ, അബൂദബി എയർപോട്സിന് കീഴിൽ അൽഐൻ വിമാനത്താവളം, അൽ ബതീൻ എക്സിക്യൂട്ടിവ് വിമാനത്താവളം, ഡെൽമ ദ്വീപ് വിമാനത്താവളം, സർ ബനീയാസ് ദ്വീപ് വിമാനത്താവളം എന്നിവയാണ് പ്രവർത്തിക്കുന്നത്.
Adjust Story Font
16

