അബൂദബി റോഡ് ടോൾ സമയത്തിൽ മാറ്റം
സ്വകാര്യ വാഹനങ്ങളിൽ നിന്ന് ചുങ്കം ഈടാക്കുന്നതിന് നിശ്ചയിച്ചിരുന്ന പരിധിയും നാളെ മുതൽ ഒഴിവാക്കും

അബൂദബി: അബൂദബിയിൽ റോഡ് ടോൾ ഈടാക്കുന്ന സമയം നാളെ മുതൽ മാറും. സെപ്റ്റംബർ ഒന്ന് മുതൽ വൈകുന്നേരങ്ങളിൽ നാല് മണിക്കൂർ ചുങ്കം ഈടാക്കും. നേരത്തെ രണ്ടുമണിക്കൂർ മാത്രമാണ് വൈകുന്നേരം ടോൾ നൽകേണ്ടിയിരുന്നത്.
അബൂദബിയിലെ ദർബ് റോഡ് ടോൾ സംവിധാനത്തിൽ നിലവിൽ വൈകുന്നേരം അഞ്ച് മുതൽ രാത്രി ഏഴ് വരെയാണ് ചുങ്കം ഈടാക്കുന്നത്. എന്നാൽ, സെപ്റ്റംബർ ഒന്ന് മുതൽ വൈകുന്നേരം മൂന്ന് മുതൽ രാത്രി ഏഴ് വരെ ടോൾ ഈടാക്കും. രാവിലെ ഏഴ് മുതൽ ഒമ്പത് വരെ എന്ന നിലവിലെ ടോൾ സമയത്തിൽ മാറ്റം വരുത്തിയിട്ടില്ല.
സ്വകാര്യ വാഹനങ്ങളിൽ നിന്ന് ചുങ്കം ഈടാക്കുന്നതിന് നിശ്ചയിച്ചിരുന്ന പരിധിയും നാളെ മുതൽ ഒഴിവാക്കും. ഒരു സ്വകാര്യ വാഹനത്തിന് ദിവസം പരമാവധി 16 ദിർഹം, അല്ലെങ്കിൽ മാസത്തിൽ 200 ദിർഹം എന്ന പരിധിയാണ് ഒഴിവാക്കിയത്. ഇതോടെ, ടോൾ ബാധകമായ സമയത്ത് കടന്നുപോകുന്ന ഓരോ വട്ടവും നാല് ദിർഹം വീതം വാഹനത്തിൽ നിന്ന് റോഡ് ചുങ്കം ഈടാക്കും. എന്നാൽ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ, സർവീസിൽ നിന്ന് വിരമിച്ചവർ, കുറഞ്ഞ വരുമാനക്കാർ എന്നിവർക്കുള്ള ഇളവുകൾ തുടരും. ഞായാറാഴ്ചയും, പൊതുഅവധി ദിവസങ്ങളിലും റോഡ് ചുങ്കമുണ്ടാവില്ല.
Adjust Story Font
16

