ആദ്യ സമ്പൂർണ എഐ ഗവൺമെന്റ്; വൻ പദ്ധതിയുമായി അബൂദബി
രണ്ടുവർഷത്തിനകം ലക്ഷ്യം നേടും, 1300 കോടി ദിർഹമിന്റെ പദ്ധതി

അബൂദബി: ലോകത്തെ ആദ്യ സമ്പൂർണ നിർമിതബുദ്ധി വൽകൃത ഭരണകൂടമാകാൻ അബൂദബി തയാറെടുക്കുന്നു. രണ്ടുവർഷത്തിനകം അബൂദബിയിലെ മുഴുവൻ ഗവൺമെന്റ് നടപടികളും നൂറ് ശതമാനം ഡിജിറ്റലാക്കും. ഇതിനായി പുതിയ ഡിജിറ്റൽ നയവും അബൂദബി പ്രഖ്യാപിച്ചു.
1300 കോടി ദിർഹം ചെലവിലാണ് അബൂദബി ഗവൺമെന്റ് സമ്പൂർണമായും എ.ഐ. വൽകരിക്കുന്നത്. മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് അബുദബി ഗവൺമെന്റ് എനേബിൾമെന്റ് വകുപ്പാണ് ഇത് നടപ്പാക്കുക. 5000ത്തിലേറെ തൊഴിലവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കുമെന്ന് അധികൃതർ പറഞ്ഞു. ഗവൺമെന്റ് നടപടികളെല്ലാം രണ്ടുവർഷത്തിനകം ഓട്ടോമേറ്റഡ് ആക്കും. പ്രവർത്തനം ക്ലൗഡ് കമ്പ്യൂട്ടിങിലേക്ക് മാറും.
പൊതുസേവനം കൂടുതൽ സുതാര്യമാക്കാനും സാമ്പത്തിക വളർച്ചയുണ്ടാക്കാനും ഏകീകൃത ഡിജിറ്റൽ എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് നടപ്പാക്കും. എഐ ഫോർ ഓൾ പദ്ധതിയിലൂടെ യു.എ.ഇ സ്വദേശികൾക്ക് എ.ഐ ആപ്ലിക്കേഷനുകളിൽ പരിശീലനം നൽകും. ഗവൺമെന്റ് സേവനങ്ങളിലുടനീളം 200 ലേറെ നൂതന എ.എ.സൊല്യൂഷൻസ് നടപ്പാക്കും. സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ ശക്തമായ ഡിജിറ്റൽ മാർഗ്ഗനിർദേശം പുറത്തിറക്കുമെന്ന് അധികൃതർ പറഞ്ഞു.
Adjust Story Font
16

