ആഗോള കാര്യക്ഷമതാ സൂചികയില്‍ ആദ്യ അഞ്ചില്‍ ഇടംപിടിച്ച് അബുദാബി ഖലീഫ തുറമുഖം
കപ്പല്‍ തുറമുഖത്ത് എത്തി, അതിലെ ചരക്കു കൈമാറ്റം പൂര്‍ത്തിയാക്കി ബെര്‍ത്തില്‍നിന്ന് പുറപ്പെടാനെടുക്കുന്ന സമയത്തെ അടിസ്ഥാനമാക്കിയാണ് കണ്ടെയ്നര്‍ പോര്‍ട്ട് പെര്‍ഫോമന്‍സ് ഇന്‍ഡക്സ് കണക്കാക്കുന്നത്

ആഗോള കണ്ടെയ്നര്‍ പോര്‍ട്ട് പെര്‍ഫോമന്‍സ് ഇന്‍ഡക്സ്(സിപിപിഐ) റാങ്കിങ്ങില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടംപിടിച്ച് അബുദാബി ഖലീഫ തുറമുഖവും. അബുദാബി പോര്‍ട്സ് ഗ്രൂപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഖലീഫ പോര്‍ട്ടിന്റ കാര്യക്ഷമതയാണ് ഈ റാങ്കിങ് ലഭിച്ചതിലൂടെ വ്യക്തമായതെന്ന് എഡി പോര്‍ട്ട് ഗ്രൂപ്പ് മാനേജിങ് ഡയരക്ടറും സി.ഇ.ഒയുമായ ക്യാപ്റ്റന്‍ മുഹമ്മദ് ജുമ അല്‍ ഷമീസി പറഞ്ഞു.
ആഗോള വിതരണ ശൃംഖലകള്‍ നേരിടുന്ന സമ്മര്‍ദ്ദവും പ്രയാസങ്ങളും തിരിച്ചറിഞ്ഞ് എല്ലാ മേഖലകളിലും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ പ്രയത്‌നിക്കും. പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന നിലവാരത്തോടെ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ഓട്ടോമാറ്റിക് സ്റ്റാക്കിങ് ക്രെയിനുകള്‍, ഏരിയല്‍ ഡ്രോണുകള്‍, ഓട്ടോമേറ്റഡ് ടെര്‍മിനല്‍ ഓപ്പറേഷന്‍ സിസ്റ്റം എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക സൗകര്യങ്ങളാണ് ഖലീഫ തുറമുഖത്തെ സമ്പന്നമാക്കുന്നത്. ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരാണ് പോര്‍ട്ടിലെ സേവനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.
2022ലാണ് പോര്‍ട്ടില്‍ നൂതന സാങ്കേതികവിദ്യകള്‍ കൂടുതലായി പ്രവര്‍ത്തനക്ഷമമാക്കിയത്. പോര്‍ട്ടിലെ ഓഹരി ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും 160 ലധികം ഡിജിറ്റലൈസ്ഡ് സേവനങ്ങളും അധികൃതര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമതയും വേഗതയും നല്‍കുന്നു.
ഓട്ടോമാറ്റിക് പോര്‍ട്ട് ട്രക്ക് സംവിധാനം ഉപയോഗിക്കുന്ന മിഡില്‍ ഈസ്റ്റിലെ തന്നെ ആദ്യ പോര്‍ട്ടുകൂടിയാണ് ഖലീഫ തുറമുഖം. ഏറ്റവും കാര്യക്ഷമമായ അഞ്ച് തുറമുഖങ്ങളില്‍ സൗദി അറേബ്യയിലെ കിങ് അബ്ദുല്ല തുറമുഖവും, ഒമാനിലെ പോര്‍ട്ട് സലാല, ഖത്തറിലെ ഹമദ് തുറമുഖം എന്നിവയും ഇടംപിടിച്ചിട്ടുണ്ട്.
ഒരു കപ്പല്‍ തുറമുഖത്ത് എത്തി, അതിലെ ചരക്കു കൈമാറ്റം പൂര്‍ത്തിയാക്കി ബെര്‍ത്തില്‍നിന്ന് പുറപ്പെടാനെടുക്കുന്ന സമയത്തെ അടിസ്ഥാനമാക്കിയാണ് കണ്ടെയ്നര്‍ പോര്‍ട്ട് പെര്‍ഫോമന്‍സ് ഇന്‍ഡക്സ് കണക്കാക്കുന്നത്.
Adjust Story Font
16

