ഡൽഹി ഹംദർദ് സർവകലാശാലയ്ക്ക് ദുബൈയിൽ പ്രവേശനകേന്ദ്രം
എൻആർഐ വിദ്യാർഥികൾക്ക് പ്രവേശനം

ഡൽഹി ഹംദർദ് സർവകലാശാലയ്ക്ക് ദുബൈയിൽ പ്രവേശനകേന്ദ്രം തുറക്കുന്നു. സർവകലാശാലയുടെ കോഴ്‌സുകളിലേക്ക് എൻആർഐ വിദ്യാർഥികൾക്ക് പ്രവേശനം നേടാൻ സൗകര്യം ഒരുക്കുന്നതിനുള്ള സംവിധാനമാണ് ഇതെന്ന് മില്ലേനിയം എജ്യുക്കേഷൻ സർവീസസ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രവാസി വിദ്യാർഥികൾക്ക് ജാമിഅ ഹംദർദ് സർവകലാശാലയിലെ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് വരെ പ്രവേശനം നൽകാനുള്ള സൗകര്യമാണ് യുഎഇയിൽ ആരംഭിക്കുന്നതെന്ന് മില്ലേനിയം എജ്യുക്കേഷൻ സർവീസസ് എംഡി സിദ്ദീഖ് ഹിൽസ് പറഞ്ഞു. ഇതിനായി ഹംദർദ് സർവകലാശാലയുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് പഠനം ഡൽഹിയിലെ കാംപസിലായിരിക്കും.
ഹംദർദ് സർവകലാശാലയുടെ നൂറിൽപരം കോഴ്‌സുകളിൽ 12 ശതമാനത്തോളം സീറ്റുകൾ എൻആർഐ വിദ്യാർഥികൾക്ക് ലഭിക്കും. ഇതിലേക്ക് പ്രവേശനത്തിന് ആവശ്യമായ കൗൺസലിങ് അടക്കമുള്ള സൗകര്യം കേന്ദ്രം നൽകും. പിഎച്ച്ഡി കോഴ്‌സുകൾക്ക് വരെ ഇത്തരത്തിൽ പ്രവേശനം നേടുകയും ഡൽഹിയിലെ കാംപസിൽ പഠനം നടത്തുകയും ചെയ്യാം. ഇതിനുപുറമെ മറ്റ് സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ കോഴ്‌സുകളും ദുബൈ നോളജ് പാർക്കിലെ സ്ഥാപനം ലഭ്യമാക്കും.
സിജിയുമായി സഹകരിച്ച് വിദ്യാർഥികൾക്ക് അഭിരുചി പരീക്ഷ നടത്താനും കോഴ്‌സ് തിരഞ്ഞെടുക്കാനും അഡ്മിഷൻ കേന്ദ്രം വഴിയൊരുക്കും. കോവിഡിനുശേഷം മികച്ച തൊഴിലും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുമെന്നും സംഘാടകർ പറഞ്ഞു. ചെയർപേഴ്‌സൻ മുന സുൽത്താൻ മുഹമ്മദ് റഖീത്ത് അൽ സുവൈദി, എക്‌സിക്യൂട്ടീവ് ഡയറക്ടർ കാസിം ഇനോളി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Adjust Story Font
16

