Quantcast

യുഎഇയിൽ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് പദവി നിലനിർത്തി അഡ്‌നോക്

ബ്രാൻഡ് ഫിനാൻസിന്റെ റിപ്പോർട്ട് പ്രകാരം ടെക് ഭീമനായ ആപ്പിളാണ് ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി

MediaOne Logo

Web Desk

  • Published:

    21 Jan 2025 10:27 PM IST

ADNOC retained its title as the most valuable brand in the UAE
X

അബൂദബി: യുഎഇയിൽ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് എന്ന പദവി നിലനിർത്തി ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക്. തുടർച്ചയായ ഏഴാം വർഷമാണ് അഡ്‌നോക് സ്ഥാനം നിലനിർത്തുന്നത്. ലണ്ടൻ ആസ്ഥാനമായ ബ്രാൻഡ് വാല്വേഷൻ ആന്റ് സ്ട്രാറ്റജി കൺസൾട്ടൻസി ബ്രാൻഡ് ഫിനാൻസ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് അഡ്‌നോകിന്റെ നേട്ടം. മുൻ വർഷത്തെ അപേക്ഷിച്ച് അഡ്‌നോക്കിന്റെ ബ്രാൻഡ് മൂല്യത്തിൽ 25 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. 1890 കോടി യുഎസ് ഡോളറാണ് നിലവിൽ അഡ്‌നോകിന്റെ മൂല്യം.

2017 മുതൽ ബ്രാൻഡ് മൂല്യത്തിൽ മുന്നൂറ് ശതമാനത്തിന്റെ സ്വപ്നസമാനമായ വളർച്ചയാണ് അഡ്‌നോക് കൈവരിച്ചിട്ടുള്ളത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബ്രാൻഡും അഡ്‌നോകാണ്. എണ്ണ-വാതക മേഖലയിൽ ആഗോളതലത്തിൽ ഏറ്റവും വലിയ അഞ്ചാമത്തെ ബ്രാൻഡുമാണ് അബൂദബി ആസ്ഥാനമായ കമ്പനി. ആഗോള ബ്രാൻഡ് പട്ടികയിൽ 105-ാമതാണ് കമ്പനി. മുൻ വർഷം 128-ാം സ്ഥാനത്തായിരുന്നു.

ഉത്പാദനത്തിൽ ലോകത്തെ ഏറ്റവും വലിയ 12ാമത്തെ എണ്ണക്കമ്പനിയാണ് 1971ൽ സ്ഥാപിതമായ അഡ്‌നോക്. പ്രതിദിനം 40 ലക്ഷം ബാരൽ എണ്ണയുല്പാദിപ്പിക്കാനുള്ള ശേഷി കമ്പനിക്കുണ്ട്. ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളിൽ അഡ്‌നോകിന് നിക്ഷേപമുണ്ട്.

ബ്രാൻഡ് ഫിനാൻസിന്റെ റിപ്പോർട്ട് പ്രകാരം ടെക് ഭീമനായ ആപ്പിളാണ് ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി. 57450 കോടി യുഎസ് ഡോളറാണ് ആപ്പിളിന്റെ മൂല്യം. മൈക്രോസോഫ്റ്റാണ് രണ്ടാം സ്ഥാനത്ത്. ഗൂഗ്ൾ മൂന്നാമതും ആമസോൺ നാലാമതും. ചില്ലറ വില്പന ഭീമനായ വാൾമാർട്ടാണ് അഞ്ചാം സ്ഥാനത്ത്.

TAGS :

Next Story