യുഎഇയിൽ തൊഴിലാളികൾക്കായി എഐ സ്മാർട്ട് സേഫ്റ്റി ട്രാക്കർ
ജൈറ്റെക്‌സിൽ തൊഴിൽ മന്ത്രാലയമാണ് ട്രാക്കർ പുറത്തിറക്കിയത്

ദുബൈ: തൊഴിലാളികൾക്കായി എഐ സ്മാർട്ട് സേഫ്റ്റി ട്രാക്കർ പുറത്തിറക്കി യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം. ജൈറ്റെക്‌സ് ഗ്ലോബൽ 2025ലാണ് ട്രാക്കർ പുറത്തിറക്കിയത്. ജോലിസ്ഥലത്തെ പരിശോധനകൾ മെച്ചപ്പെടുത്തുന്നതിനും തൊഴിൽ സുരക്ഷ വർധിപ്പിക്കുന്നതിനുമായി എഐ ഉപയോഗിച്ചുള്ളതാണ് പുതിയ സംവിധാനം. ജോലിസ്ഥലങ്ങളിൽ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുകയും നിരീക്ഷണം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം.
ഇൻസ്‌പെക്ടർമാരുടെ സ്മാർട്ട് പങ്കാളിയായി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് സ്മാർട്ട് സേഫ്റ്റി ട്രാക്കറെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിലിടങ്ങളിലെ സംരക്ഷണ ഉപകരണങ്ങളുടെ അഭാവം, സുരക്ഷിതമല്ലാത്ത തൊഴിൽ രീതികൾ, അപകടകരമായ വസ്തുക്കളുടെ ശേഖരണം തുടങ്ങിയ ലംഘനങ്ങളും അപകടസാധ്യതകളും തിരിച്ചറിയുന്നതിനായി ഫീൽഡ് ഇമേജുകളും ഡാറ്റയും ഇവ സ്വയം വിശകലനം ചെയ്യും.
മനുഷ്യ നിരീക്ഷണത്തെ മറികടക്കുന്ന കൃത്യതയും വേഗതയും ഇതിനുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് ജോലിസ്ഥലങ്ങളിൽ നിന്നുള്ള തത്സമയ വിവരങ്ങൾ പരിശോധിക്കാൻ ഡീപ്പ് ലേണിംഗ് അൽഗോരിതങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സിസ്റ്റം നിർമിച്ചിരിക്കുന്നത്. സുരക്ഷിതമല്ലാത്ത കാര്യങ്ങൾ അവ സംഭവിക്കുന്ന നിമിഷം തന്നെ കണ്ടെത്താൻ സംവിധാനത്തിനാകും.
Adjust Story Font
16

