Quantcast

ബന്ധുക്കളുടെ ലഹരി ഉപയോഗം; അഞ്ഞൂറിലേറെ കുടുംബങ്ങൾ പരാതിപ്പെട്ടു

MediaOne Logo

Web Desk

  • Published:

    4 Dec 2022 10:43 AM GMT

ബന്ധുക്കളുടെ ലഹരി ഉപയോഗം;   അഞ്ഞൂറിലേറെ കുടുംബങ്ങൾ പരാതിപ്പെട്ടു
X

ദുബൈയിൽ മയക്കുമരുന്നിന് അടിമകളായ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ച് 576 കുടുംബങ്ങൾ പരാതി നൽകിയതായി ദുബൈ പൊലീസിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ അഞ്ചുവർഷത്തിനിടെയുണ്ടായ കേസുകളുടെ കണക്കാണിത്.

സ്വയം മുന്നോട്ടുവന്നോ ബന്ധുക്കൾ മുഖേനയോ പൊലീസിൽ അറിയിച്ചാൽ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ക്രിമിനൽ നടപടികളൊന്നും ആരംഭിക്കില്ല. മയക്കുമരുന്ന് വിരുദ്ധ നിയമത്തിലെ (ആർട്ടിക്കിൾ 89) ഈ ആനുകൂല്യം ഉപയോഗിച്ചതിലൂടെയാണ് ഇത്രയും കേസുകൾ വിജയകരമായി കൈകാര്യം ചെയ്യാൻ സാധിച്ചത്.

കഴിഞ്ഞ വർഷം മാത്രം, ലെയ്സൺ ഓഫീസർമാരുടെ സഹകരണത്തോടെ 27 രാജ്യങ്ങളിലേക്കായി മയക്കുമരുന്ന് കടത്ത് സംബന്ധിച്ച് 89 ഓളം സുരക്ഷാ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും അതിലൂടെ 36 ഇന്റർനാഷണൽ കുറ്റവാളികളെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് വ്യക്തമാക്കി.

മയക്കുമരുന്ന് കടത്തും വിൽപ്പനയുമായി ബന്ധപ്പെട്ട 340 വെബ്സൈറ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ അക്കൗണ്ടുകളും വകുപ്പ് ബ്ലോക്ക് ചെയ്തു, ഇതിലൂടെ 91 പ്രതികളെയും അറസ്റ്റ് ചെയ്യാൻ സാധിച്ചു. മൊത്തം നാല് ടണ്ണും 463 കിലോഗ്രാം മയക്കുമരുന്നുമാണ് പിടിച്ചെടുത്തത്.

ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരിരി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വകുപ്പിനെ പ്രശംസിച്ചു.

TAGS :

Next Story