യുഎഇ തൊഴിൽ കരാർ നിയമത്തിൽ ഭേദഗതി
തൊഴിലുടമയും തൊഴിലാളിയും തമ്മിലെ ധാരണപ്രകാരം നിശ്ചിതകാലത്തേക്ക് തൊഴിൽകരാറുണ്ടാക്കണം

ദുബൈ: യുഎഇയിൽ സ്വകാര്യ മേഖലയിൽ തൊഴിൽ കരാറിന്റെ പരമാവധി കാലാവധി മൂന്ന് വർഷം എന്ന നിയന്ത്രണം തൊഴിൽ മന്ത്രാലയം ഒഴിവാക്കി. തൊഴിലുടമയും തൊഴിലാളിയും തമ്മിലെ ധാരണപ്രകാരം നിശ്ചിതകാലത്തേക്ക് തൊഴിൽകരാറുണ്ടാക്കണം. എന്നാൽ പരമാവധി കാലാവധിക്ക് സർക്കാർ പരിധി നിശ്ചയിക്കില്ല.
കഴിഞ്ഞ ഫെബ്രുവരിയിൽ നിലവിൽ വന്ന തൊഴിൽ നിയമത്തിലാണ് പുതിയ ഭേദഗതി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേ പരമാവധി മൂന്ന് വർഷത്തേക്കാണ് തൊഴിലുടമയും തൊഴിലാളിയും തമ്മിൽ തൊഴിൽ കരാർ സാധ്യമായിരുന്നത്. പുതിയ ഭേദഗതി പ്രകാരം ദീർഘകാലത്തേക്ക് പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ തൊഴിൽകരാറുണ്ടാക്കാം. എന്നാൽ, പുതുക്കാൻ കഴിയുന്ന നിശ്ചിതകാലത്തേക്കാണ് തൊഴിൽ കരാറുണ്ടാക്കേണ്ടതെന്ന് നിയമഭേദഗതി വ്യക്തമാക്കുന്നു.
അതേസമയം, സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കും, വീട്ടുജോലിക്കാർക്കും ഈ ഭേദഗതി ബാധകമല്ല. മെയിൻലാൻഡ് കമ്പനിയിൽ ജോലി ചെയ്യുന്നവർക്കും ഫ്രീസോൺ ജീവനക്കാർക്കും ഭേദഗതി പ്രകാരം തൊഴിൽകരാറുണ്ടാക്കാം. എന്നാൽ, ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ, അബൂദബി ഗ്ലോബൽ മാർക്കറ്റ് എന്നിവക്ക് കീഴിലെ കമ്പനികൾക്ക് ഭേദഗതി ബാധകമാകില്ല. ഫെബ്രുവരിയിൽ നിലവിൽ വന്ന തൊഴിൽ നിയമപ്രകാരം നേരത്തേ യുഎഇയിലുണ്ടായിരുന്ന അനിശ്ചിതകാല തൊഴിൽ കരാറുകൾ സർക്കാർ നിർത്തലാക്കിയിരുന്നു. എല്ലാ തൊഴിൽകരാറുകളും പരമാവധി മൂന്നുവർഷമോ അതിൽ താഴേയോ കാലാവധിയുള്ളതാക്കി മാറ്റി. ഈ പരമാവധി കാലപരിധിയിലാണ് മന്ത്രാലയം മാറ്റം വരുത്തിയിരിക്കുന്നത്. ഇതോടെ ഇനി മുതൽ മൂന്ന് വർഷത്തിൽ കൂടുതൽ കാലയളവുള്ള തൊഴിൽകരാറുകൾ യു എ ഇയിൽ സാധ്യമാകും. ദീർഘകാലത്തേക്ക് ജോലി ചെയ്യുന്നതിനും ജോലി സ്ഥിരത വർധിപ്പിക്കുന്നതിനും ഈ തീരുമാനം.
Adjust Story Font
16

