മരൂഭൂമി കൃഷിഭൂമിയാക്കാം, മലയാളി വിദ്യാർഥികളുടെ ആപ്പിന് അവാർഡ്
ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ മലയാളി വിദ്യാർഥികൾക്കാണ് പുരസ്കാരം

ഷാർജ: മരുഭൂമി കൃഷിഭൂമിയാക്കാൻ കർഷകരെ സഹായിക്കുന്ന ആപ്പ് വികസിപ്പിച്ച നാല് മലയാളി വിദ്യാർഥികൾക്ക് യുഎഇയിൽ പുരസ്കാരം. ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ പന്ത്രണ്ടാംക്ലാസ് വിദ്യാർഥികളായ അറഫ ഷാക്കിർ മൻസൂർ, നൂർ അൽ ഹയ, ഹിബ അഫ്റീൻ, അമിന ഫാത്തിമ എന്നിവരാണ് യൂത്ത് ഗ്രീൻ ടൈറ്റൻസ് ചാമ്പ്യൻഷിപ്പിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. 5000 ദിർഹമാണ് ചാമ്പ്യൻമാർക്കുള്ള സമ്മാനതുക. 35 സ്കൂളുകൾ മാറ്റുരച്ച മൽസരത്തിൽ ജേതാക്കൾക്ക് കാഷ് അവാർഡിന് പുറമേ, സ്വർണമെഡലും, സർട്ടിഫിക്കറ്റുകളും കൈമാറി. റാസൽഖൈമ സ്റ്റിർലിങ് യൂനിവേഴ്സിറ്റിയിൽ നടന്ന യൂത്ത് ഗ്രീൻ ടൈറ്റൻസ് ചാമ്പ്യൻഷിപ്പിലാണ് ഇവർ വികസിപ്പിച്ച അഗ്രോബേസ് എന്ന ആപ്പ് ഒന്നാംസ്ഥാനം നേടിയത്. കാർഷിക മാലിന്യങ്ങൾ ഉപയോഗിച്ച് മരൂഭൂമിയെ കൃഷിഭൂമിയാക്കാൻ ഇവരുടെ ആപ്പ് കർഷകരെ സഹായിക്കും. എഐ സഹായത്തോടെ മണ്ണിന് ചേർന്ന വളങ്ങളും, വിളകളും ആപ്പ് നിർദേശിക്കും.
Adjust Story Font
16

