അറ്റ്ലസ് രാമചന്ദ്രൻ: അതിജീവനവും പോരാട്ടവും, സംഭവബഹുലം ആ ജീവിതം
പതിറ്റാണ്ടുകളോളം ബിസിനസ് രംഗത്ത് സജീവമായിരുന്നു

1942 ൽ തൃശൂരിൽ ജനിച്ച എം എം രാമചന്ദ്രൻ എന്ന അറ്റ്‌ലസ് രാമചന്ദ്രൻ ബാങ്ക് ജീവനക്കാരനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1974 ൽ കുവൈത്തിൽ പ്രവാസത്തിന് തുടക്കമിട്ടു. വിവിധ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും ജ്വല്ലറി മുതൽ ആശുപത്രി വരെയുള്ള സംരംഭങ്ങൾ തുടങ്ങിയ അദ്ദേഹം പതിറ്റാണ്ടുകളോളം ബിസിനസ് രംഗത്ത് സജീവമായിരുന്നു. വൈശാലി, വാസ്തുഹാര, സുകൃതം, ധനം തുടങ്ങി ശ്രദ്ധേയമായ സിനിമകളുടെ നിർമാതാവ് കൂടിയണദ്ദേഹം. സുഭദ്രം, അറബിക്കഥ, ടു ഹരിഹർ നഗർ തുടങ്ങി പത്തിലേറെ സിനിമകളിൽ അഭിനയിച്ചു. 2010 ൽ 'ഹോളിഡേയ്‌സ്' എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തു.
'ചലച്ചിത്രം' എന്ന സിനിമാ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു. സിനിമാ വിതരണരംഗത്തും ഏറെക്കാലം സജീവമായി. സ്വന്തം സ്ഥാപനത്തിന്റെ മോഡലായി പരസ്യചിത്രങ്ങളിൽ തിളങ്ങിയ അറ്റ്‌ലസ് രാമചന്ദ്രന്റെ പരസ്യവാചകങ്ങളും മലയാളികൾക്ക് സുപരിചിതമാണ്. 2015 ൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹത്തിന് മൂന്ന് വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്നിരുന്നു. മാസങ്ങൾക്ക് മുമ്പാണ് ദുബൈയിലെ വസതിയിൽ അദ്ദേഹം എൺപതാം പിറന്നാൾ ആഘോഷിച്ചത്. ബിസിനസ് രംഗത്ത് വീണ്ടും സജീവമാകണം എന്ന സ്വപ്നങ്ങൾക്കിടെയാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ വിയോഗം.
രണ്ടുദിവസം മുമ്പാണ് അറ്റ്‌ലസ് രാമചന്ദ്രനെ ദുബൈ മൻഖൂലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിൽസക്കിടെ ഇന്നലെ രാത്രിയുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ ഇന്ദിര, മകൾ ഡോ. മഞ്ജു, മരുമകൻ അരുൺ നായർ, പേരക്കുട്ടികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു. ദുബൈയിലുള്ള സഹോദരൻ രാമപ്രസാദും ആശുപത്രിയിലെത്തി. മകൻ ശ്രീകാന്ത് യു എസിലാണ്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ദുബൈ ജബൽഅലിയിലെ ശ്മശാനത്തിൽ സംസ്‌കരിക്കും.
Adjust Story Font
16

