വേരിയബിൾ താരിഫിന് ശേഷം ദുബൈയിൽ ശരാശരി പാർക്കിങ് ഫീസ് 51% വർധിച്ചു
ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ മണിക്കൂറിൽ 3.03 ദിർഹമായാണ് നിരക്ക് വർധിച്ചത്

ദുബൈ: 2025 ലെ മൂന്നാം പാദത്തിൽ ദുബൈയിൽ പാർക്കിങിന്റെ മണിക്കൂറിലുള്ള ശരാശരി ചെലവ് 51 ശതമാനം വർധിച്ചതായി പാർക്കിൻ കമ്പനി പിജെഎസ്സി. കമ്പനിയുടെ മാർക്കറ്റ് ഡിസ്‌ക്ലോസറിലാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ചാണ് വർധനവുണ്ടായത്.
2025 ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ മണിക്കൂറിൽ 3.03 ദിർഹമായാണ് നിരക്ക് വർധിച്ചത്. ഏപ്രിലിൽ വേരിയബിൾ പാർക്കിംഗ് താരിഫ് നിലവിൽ വന്നതിനുശേഷം 2.01 ദിർഹമിൽ നിന്നാണ് ഈ വർധനവുണ്ടായത്. എ, സി സോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ബി, ഡി സോണുകളിലാണ് ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത്. ദുബൈയിലെ ഏറ്റവും വലിയ പെയ്ഡ് പബ്ലിക് പാർക്കിങ് സേവനദാതാവാണ് പാർക്കിൻ.
2025 ലെ രണ്ടാമത്തെയും മൂന്നാമത്തെയും പാദങ്ങൾക്കിടയിൽ പുതിയ പൊതു പാർക്കിംഗ് സ്ഥലങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിനാൽ വെയ്റ്റഡ്-ആവറേജ് താരിഫ് 3.04 ദിർഹത്തിൽ നിന്ന് 3.03 ദിർഹമായി കുറയുകയായിരുന്നു.
ദുബൈയിലെ എല്ലാ പൊതു പാർക്കിംഗ് സോണുകളിലും അടയ്ക്കുന്ന ശരാശരി ഫീസാണ് വെയ്റ്റഡ് ആവറേജ് അവേർലി താരിഫ്. സ്റ്റാൻഡേർഡ്, പ്രീമിയം ഏരിയകളിലെ വ്യത്യസ്ത താരിഫുകളുടെ സംയോജിത ഫലത്തെയും പീക്ക്, ഓഫ്-പീക്ക് സമയങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളെയും ഇത് പ്രതിഫലിപ്പിക്കും.
2025 ഏപ്രിൽ നാല് മുതലാണ് ദുബൈയിലെ പാർക്കിങ് വേരിയബിൾ-താരിഫ് ഘടനയിലേക്ക് മാറിയത്. ഡിമാൻഡ്, സ്ഥലം, സമയം എന്നിവയെ അടിസ്ഥാനമാക്കിയാണ് താരിഫ് നിശ്ചയിക്കുന്നത്. ഡൗൺടൗൺ ദുബൈ, ബിസിനസ് ബേ, ദെയ്‌റ, ജുമൈറ തുടങ്ങിയ ഉയർന്ന ഡിമാൻഡ് പ്രദേശങ്ങളിൽ പ്രീമിയം പാർക്കിംഗ് അവതരിപ്പിച്ചു. പീക്ക്-അവർ നിരക്കുകൾ ആദ്യ മണിക്കൂറിൽ 6 ദിർഹമായി നിശ്ചയിച്ചു. രാവിലെ 8 മുതൽ രാവിലെ 10 വരെയും വൈകുന്നേരം 4 മുതൽ രാത്രി 8 വരെയുമാണ് പീക്ക്-അവർ. ഓഫ്-പീക്ക് നിരക്കുകളിൽ മാറ്റമില്ല. അതേസമയം രാത്രി 10 മുതൽ രാവിലെ 8 വരെയും ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമാണെന്ന് പാർക്കിൻ പറയുന്നു.
താരിഫ് മാറ്റത്തിനുശേഷം, സ്ഥിരം വാഹനമോടിക്കുന്നവർ സീസണൽ കാർഡുകളിലേക്ക് മാറിയിരിക്കുകയാണ്. ദൈനംദിന നിരക്കുകൾ നൽകുന്നതിന് പകരമാണിത്.
Adjust Story Font
16

