Quantcast

തിരക്കേറിയ വേനല്‍ അവധി; ദുബൈ എയര്‍പോര്‍ട്ടിലെ കാലതാമസം എങ്ങനെ മറികടക്കാം..?

ഏറ്റവും തിരക്ക് പ്രതീക്ഷിക്കുന്ന ജൂലൈ 2ന് 2,35,000ത്തിലധികം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്

MediaOne Logo

ഹാസിഫ് നീലഗിരി

  • Updated:

    2022-06-23 07:55:49.0

Published:

23 Jun 2022 7:39 AM GMT

തിരക്കേറിയ വേനല്‍ അവധി; ദുബൈ  എയര്‍പോര്‍ട്ടിലെ കാലതാമസം എങ്ങനെ മറികടക്കാം..?
X

ദുബൈയിലെ സ്‌കൂളുകളിലെ വേനലവധിക്കാലവും വലിയപെരുന്നാള്‍ അവധിയും ഒരുമിച്ചെത്തുന്നതോടെ അസാധാരാണ തിരക്കായിരിക്കും അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ദുബൈ ഇന്റര്‍നാഷണല്‍ (ഡി.എക്സ്.ബി) എയര്‍പോര്‍ട്ടില്‍ അനുഭവപ്പെടുകയെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ദുബൈ എയര്‍പോര്‍ട്ട് അതോറിറ്റി.

ലഭ്യമായ വിവരമനുസരിച്ച്, ജൂണ്‍ 24 നും ജൂലൈ 4 നുമിടയില്‍ ഏകദേശം 2.4 ദശലക്ഷം യാത്രക്കാര്‍ ദുബൈ എയര്‍പോര്‍ട്ട് വഴി കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതിദിനം ശരാശരി 2,14,000 യാത്രക്കാര്‍ എയര്‍പോര്‍ട്ടിലെത്തും.

ഏറ്റവും തിരക്ക് പ്രതീക്ഷിക്കുന്ന ജൂലൈ 2ന് 2,35,000ത്തിലധികം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ 8, 9 തീയതികളിലും സമാനമായ വിമാനത്താവളത്തില്‍ സമാനമായ തിരക്കനുഭവപ്പെടും.

ഇത്തരമൊരു സാഹചര്യത്തില്‍, വിമാനത്തളത്തിലെത്തിയതു മുതല്‍ ബോര്‍ഡിങ് ഗേറ്റ് വരെയുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനായി ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണ് എയര്‍പോര്‍ട്ട് അതോറിറ്റി. ഇവ കൃത്യമായി പാലിച്ചാല്‍ അവധിക്കാല തിരക്ക് ഒരു പരിധിവരെ മറികടക്കാന്‍ സാധിക്കും.

പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

* യാത്രക്കാര്‍ തങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടുന്ന രാജ്യത്തെ ഏറ്റവും പുതിയ യാത്രാ നിയന്ത്രണങ്ങളും അറിയിപ്പുകളും വ്യാജമല്ലാത്ത വാര്‍ത്താ സോഴ്‌സുകളില്‍നിന്ന് കൃത്യമായി അറിഞ്ഞിരിക്കുക.

* ആവശ്യമായ രേഖകളെല്ലാം വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പ് തിയതികളുടെ സാധുതയോടെ തന്നെ കൈയിലുണ്ടെന്ന് ഉറപ്പാക്കുക.

* പാസ്പോര്‍ട്ട് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്.

* ടെര്‍മിനല്‍ 1 ല്‍ നിന്ന് പുറപ്പെടാനുള്ള യാത്രക്കാര്‍ പുറപ്പെടുന്നതിന് 3 മണിക്കൂര്‍ മുമ്പ് തന്നെ വിമാനത്താവളത്തില്‍ എത്തിച്ചേരുന്നതായിരിക്കും ഉത്തമം.

* സമയം ലാഭിക്കുന്നതിനായി എയര്‍പ്പോര്‍ട്ടിലെത്തുന്നതിന് മുന്‍പു തന്നെ ഓണ്‍ലൈന്‍ ചെക്ക്-ഇന്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.

* ടെര്‍മിനല്‍ 3ല്‍ നിന്ന് പുറപ്പെടുന്നവരും പരമാവധി സെല്‍ഫ് സര്‍വീസ് ചെക്ക്-ഇന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുക.

* താമസ്ഥലത്തുനിന്നു തന്നെ ലഗേജുകള്‍ തൂക്കി നോക്കി, കൃത്യമായ അളവിലും രൂപത്തിലുമാണ് പാക്ക് ചെയ്തതെന്ന് ഉറപ്പാക്കുക.

* രേഖകളെല്ലാം മുന്‍കൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തുക.

* സുരക്ഷാ പരിശോധനകള്‍ക്ക് മുന്‍പ് അതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തുക.

* എയര്‍പോര്‍ട്ടിലേക്ക് വരുന്നവരും പോകുന്നവരും പരമാവധി ദുബൈ മെട്രോ സൗകര്യം ഉപയോഗിക്കാന്‍ ശ്രമിക്കുക. (പെരുന്നാള്‍ അവധി ദിവസങ്ങളില്‍ മെട്രോയുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്).

* ടെര്‍മിനല്‍ മൂന്നിലെ അറൈവല്‍ ഫോര്‍കോര്‍ട്ടിലേക്കുള്ള പ്രവേശനം പൊതുഗതാഗതത്തിനും മറ്റ് അംഗീകൃത വാഹനങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍, യാത്രക്കാരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വിമാനത്താവളത്തിന്റെ നിശ്ചിത കാര്‍ പാര്‍ക്കിങ് സൗകര്യം ഉപയോഗിക്കാന്‍ ശ്രമിക്കുക.

TAGS :

Next Story