അക്കത്തിനായി അങ്കം; ദുബൈ ലേലത്തിൽ 'CC44' നമ്പർ പ്ലേറ്റ് വിറ്റത് 67.2 ലക്ഷം ദിർഹമിന്
ആകെ സമാഹരിച്ചത് 65.7 ദശലക്ഷം ദിർഹം

പ്രത്യേക വാഹന നമ്പർ പ്ലേറ്റുകൾക്കായി ദുബൈ 121-ാമത് ഓപ്പൺ ലേലം നടത്തി. ലേലത്തിൽ ആകെ 65.721 ദശലക്ഷം ദിർഹം സമാഹരിച്ചു. 'CC44' എന്ന നമ്പർ പ്ലേറ്റ് 67.2 ലക്ഷം ദിർഹം എന്ന ഏറ്റവും ഉയർന്ന തുകയ്ക്ക് വിറ്റുപോയി. ഏകദേശം 17.41 കോടി ഇന്ത്യൻ രൂപക്കാണിത് വിറ്റത്.
ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA)യാണ് ലേലം സംഘടിപ്പിച്ചത്. സവിശേഷ നമ്പർ പ്ലേറ്റുകൾക്ക് വലിയ ഡിമാൻഡാണ് ലേലത്തിലുണ്ടായത്. 'BB18' നമ്പർ പ്ലേറ്റ് 6.62 ദശലക്ഷം ദിർഹമിനും 'BB80' നമ്പർ പ്ലേറ്റ് 5.9 ദശലക്ഷം ദിർഹമിനുമാണ് വിറ്റുപോയത്. 'BB117' നമ്പർ പ്ലേറ്റ് 1.016 ദശലക്ഷം ദിർഹമിന് വിറ്റുപോയി.
ഹിൽട്ടൺ ദുബൈ അൽ ഹബ്തൂർ സിറ്റിയിലാണ് ലേലം നടന്നത്. രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങളുള്ള 60 പ്രത്യേക വാഹന നമ്പർ പ്ലേറ്റുകളാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരുന്നത്. AA, BB, CC, H, U, V, W, X, Y, Z എന്നിങ്ങനെ 10 കോഡുകളിലുള്ള നമ്പർ പ്ലേറ്റുകളാണ് ലേലത്തിന് വെച്ചത്.
Adjust Story Font
16

