ദുബൈ എക്സിബിഷൻ സെന്ററിന്റെ നിർമാണം പുരോഗമിക്കുന്നു; സന്ദർശക ശേഷി 60,000 ആയി ഉയർത്തും
പദ്ധതിയുടെ രണ്ടാം ഘട്ടം 2028-ഓടെ പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ

ദുബൈ: ദുബൈ വേൾഡ് ട്രേഡ് സെന്ററിന്റെ ഭാഗമായ എക്സിബിഷൻ സെന്ററിന്റെ വികസനപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അടുത്തഘട്ട വികസനത്തിലെ ആദ്യ ഘട്ടം 2027 സെപ്റ്റംബറോടെ പൂർത്തിയാകും. വികസനം പൂർത്തിയാകുന്നതോടെ എക്സിബിഷൻ സെന്ററിന്റെ സന്ദർശക ശേഷി 60,000 ആയി ഉയരുമെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ വികസന പദ്ധതിയുടെ 10% ജോലികൾ പൂർത്തിയായിട്ടുണ്ട്. പദ്ധതിയുടെ രണ്ടാം ഘട്ടം 2028-ഓടെ പൂർത്തിയാകുമെന്ന് ഡിഡബ്ല്യുടിസി റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് ആമർ അൽഫാർസി ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിപുലീകരണ ഭാഗമായി 1,00,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സർവീസ് യാർഡുകൾ, വിശാലമായ റോഡ് ശൃംഖല, ബഹുനില കാർ പാർക്കിങ് സൗകര്യം എന്നിവയും ദുബൈ എക്സിബിഷൻ സെന്ററിൽ ഒരുക്കും.
മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടം 2026 ജനുവരിയിൽ വിജയകരമായി പൂർത്തിയായി. 1,60,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന രണ്ടാം ഘട്ടം 2028-ഓടെ പൂർത്തിയാകും. സ്ഥിരം എക്‌സിബിഷൻ ഹാളുകൾ, പ്രത്യേക സർവീസ് യാർഡുകൾ, മികച്ച റോഡ് ശൃംഖല, എക്‌സ്‌പോ സിറ്റിയിലേക്കുള്ള നേരിട്ടുള്ള ഗതാഗത സൗകര്യം എന്നിവ ഈ ഘട്ടത്തിൽ ഉൾപ്പെടുന്നു. അതേസമയം, ദുബൈ വേൾഡ് ട്രേഡ് സെന്റർ സന്ദർശകരുടെ എണ്ണത്തിലും വൻ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. 2025-ൽ 2.97 മില്യൺ സന്ദർശകരാണ് ഇവിടെയെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 12 ശതമാനത്തിന്റെ വർധനയാണിത്. ആകെ 401 പരിപാടികൾ സംഘടിപ്പിച്ചതിൽ ആരോഗ്യ മേഖലയിൽ നിന്നുള്ള പ്രദർശനങ്ങളാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. ഈ മേഖലയിലെ 23 പരിപാടികളിലായി 4,36,000 പേർ പങ്കെടുത്തു.ട
Adjust Story Font
16

