Quantcast

കോവിഡ് മരണം; നോർക്കയുടെ കണക്കിൽ കൃത്യതയില്ലെന്ന് ആരോപണം

MediaOne Logo

Web Desk

  • Published:

    26 Dec 2022 8:52 AM GMT

കോവിഡ് മരണം; നോർക്കയുടെ   കണക്കിൽ കൃത്യതയില്ലെന്ന് ആരോപണം
X

കോവിഡ് മരണങ്ങളിൽ സാങ്കേതിക തടസ്സങ്ങളുടെ പേരിൽ മൃതദേഹം നാട്ടിലെത്തിക്കാനാവാതെ വിദേശത്ത് അടക്കം ചെയ്യപ്പെട്ടവരുടെ കണക്കിൽ നോർക്കയ്ക്ക് വ്യക്തതയില്ലെന്ന് ആരോപണം. ഇതുവരെ എത്ര പ്രവാസി മലയാളികൾ മരണപ്പെട്ടു, അവർക്ക് സർക്കാർ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം ലഭ്യമാക്കിയോ എന്ന ഇൻകാസ് ദുബൈ സ്റ്റേറ്റ് സെക്രട്ടറി സി. സാദിഖ് അലിയുടെ ചോദ്യങ്ങൾക്ക് നോർക്ക തൃപ്തികരമല്ലാത്ത മറുപടി നൽകിയെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.

അപേക്ഷിച്ചവർക്കെല്ലാം ധനസാഹായം വിതരണം ചെയ്തു എന്ന ഒഴുക്കൻ മറുപടിയാണ് നോർക്ക നൽകിയതെന്നും, അപേക്ഷിക്കാത്തവർക്ക് ഈ ധനസഹായത്തിന് അർഹതയില്ലേയെന്നും സാദിഖ് അലി ചോദിച്ചു. കൃത്യമായ രേഖകളോടെ വിദേശത്ത് എത്തി പ്രവാസജീവിതം നയിക്കുന്ന ഇവർ, സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഗണ്യമായ സംഭാവന നൽകുന്നവരായിട്ടും ഇവരോടുള്ള കടുത്ത അവഗണനയാണിതെന്നും ഇൻകാസ് കുറ്റപ്പെടുത്തി.

17 ലക്ഷത്തോളം മലയാളികൾ നാട്ടിലേക്ക് മടങ്ങി എന്നാണ് നോർക്കയുടെ കത്തിൽ പറയുന്നത്. അതേ കത്തിലെ കണക്കുകൾ പ്രകാരം 1,60,000ൽ താഴെ പേർക്ക് മാത്രമാണ് ചെറിയ തോതിലുള്ള ധനസാഹായങ്ങൾ ലഭിച്ചത്. ബാക്കി 15 ലക്ഷത്തിൽപരം പേർക്ക് സർക്കാർ എന്തു നൽകി എന്നും ഇൻകാസ് ചോദിക്കുന്നു.

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കണക്ക് പ്രകാരം മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ ധനസഹായം ലഭിച്ചിട്ടുണ്ട്. എന്നാൽ നോർക്കയുടെ മറുപടിയിൽ ഇങ്ങനെ ഒരു തുകയോ, പ്രവാസി ക്ഷേമ സംഘത്തിന് ഉറപ്പ് നൽകിയ ഒരു ലക്ഷം രൂപ വീതമോ നൽകിയതായി പറയുന്നില്ലെന്നും ഇൻകാസ് ആരോപിച്ചു.

Next Story